ഐ പി എല്‍; മുഹമ്മദ് അസ്‌ഹറുദ്ദീനും സച്ചിന്‍ ബേബിയും ബാംഗ്ലൂരിന് സ്വന്തം
മലയാളി താരം വിഷ്‌ണു വിനോദിനെയും ഡല്‍ഹി സ്വന്തമാക്കി.
ചെന്നൈ:കേരളത്തിന്റെ അഭിമാന താരം കാസര്‍കോട്ടുകാരന്‍ മുഹമ്മദ് അസ്‌ഹറുദ്ദീനെ ഐ പി എല്‍ താരലേലത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. 20 ലക്ഷം അടിസ്ഥാന വിലയ്‌ക്കാണ് താരത്തെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലെ പ്രകടനമാണ് താരത്തിന് ഐപിഎല്ലില്‍ തുണയായത്. നേരത്തെ ഐപിഎല്‍ മുംബൈ ടീമിന്റെ ട്രയല്‍സിലേക്ക് അസ്‌ഹറുദ്ദീനെ ക്ഷണിച്ചിരുന്നു. എന്നാല്‍ കോഹ്‌ലിക്കൊപ്പം ബാംഗ്ലൂരില്‍ കളിക്കാനുള്ള താല്‍പ്പര്യം താരം പങ്കുവച്ചിരുന്നു. മുമ്പ് താരം ഐപിഎല്‍ ലേലത്തിന് പേര് നല്‍കിയിരുന്നു. എന്നാല്‍ അന്ന് തഴയപ്പെട്ട അസ്‌ഹറുദ്ദീന് ഇന്ന് ഭാഗ്യം തുണയാവുകയായിരുന്നു. കേരളത്തിന്റെ സച്ചിന്‍ ബേബിയെയും ബാംഗ്ലൂര്‍ സ്വന്തമാക്കി.
രാജന്‍സ്ഥാന്‍ റോയല്‍സിന്റെ ക്യാപ്‌റ്റനായിരുന്ന സ്റ്റീവ് സ്‌മിത്തിനെ ഇത്തവണ സ്വന്തമാക്കിയത് ഡല്‍ഹി ക്യാപിറ്റല്‍സാണ്. രണ്ട് കോടി 20 ലക്ഷത്തിനാണ് താരത്തെ ഡല്‍ഹി വാങ്ങിയത്. കഴിഞ്ഞ തവണ രാജസ്ഥാന്‍ 12.5 കോടിയായിരുന്നു സ്‌മിത്തിന് നല്‍കിയത്.
മലയാളി താരം വിഷ്‌ണു വിനോദിനെയും ഡല്‍ഹി സ്വന്തമാക്കി. തമിഴ്‌നാടിന്റെ ഷാരുഖ് ഖാനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. 5.25 കോടിക്കാണ് പഞ്ചാബ് താരത്തെ റാഞ്ചിയത്. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലെ മിന്നും പ്രകടനമാണ് താരത്തിന് തുണയായത്. 20 ലക്ഷം അടിസ്ഥാന വിലയില്‍ നിന്നാണ് ഖാനെ 5.25 കോടിക്ക് പഞ്ചാബ് കൈക്കലാക്കിയ്‌ത.