പൂരന്‍ വെടിക്കെട്ട് ഫലം കണ്ടില്ല; സണ്‍റൈസേഴ്‌സിനെതിരേ പഞ്ചാബിന് തോല്‍വി
69 റണ്‍സിന്റെ തോല്‍വിയാണ് പഞ്ചാബ് വഴങ്ങിയത്.
ദുബായ്: നിക്കോളസ് പൂരന്‍ ഐപിഎല്ലിലെ വേഗതയേറിയ അര്‍ദ്ധശതകം നേടിയിട്ടും കിങ്‌സ് ഇലവന്‍ പഞ്ചാബിന് തോല്‍വി. 69 റണ്‍സിന്റെ തോല്‍വിയാണ് പഞ്ചാബ് വഴങ്ങിയത്. 202 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ കിങ്‌സ് ഇലവന്‍ 16.5 ഓവറില്‍ 132 റണ്‍സിന് പുറത്താവുകയായിരുന്നു. പൂരന്‍(77) ഒഴികെയുള്ള താരങ്ങള്‍ ഒന്നു പൊരുതാന്‍ പോലും ശ്രമിക്കാതെയാണ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത്. 17 പന്തില്‍ നിന്നാണ് പൂരന്‍ അര്‍ദ്ധസെഞ്ചുറി നേടിയത്. മലയാളി താരം സഞ്ജു സാംസണിന്റെ പേരിലുള്ള റെക്കോഡാണ് പൂരന്‍ തിരുത്തിയത്. സാംസണ്‍ 19 പന്തിലായിരുന്നു അര്‍ദ്ധസെഞ്ചുറി നേടിയത്. 37 പന്തില്‍ ഏഴ് സിക്‌സും അഞ്ച് ഫോറുമടങ്ങുന്നതാണ് പൂരന്റെ ഇന്നിങ്‌സ്. ഹൈദരാബാദിനായി റാഷിദ് മൂന്നും അഹമ്മദ്, നടരാജന്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാര്‍ണര്‍(52)-ബെയര്‍സ്‌റ്റോ (97) കൂട്ടുകെട്ടിലൂടെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. 55 പന്തില്‍ നിന്നായിരുന്നു ബെയര്‍സ്റ്റോയുടെ ഇന്നിങ്‌സ്. 40 പന്തില്‍ നിന്നാണ് വാര്‍ണര്‍ 52 റണ്‍സ് നേടിയത്. സ്‌കോര്‍ ബോര്‍ഡില്‍ 160 റണ്‍സ് എത്തിനില്‍ക്കെയാണ് പഞ്ചാബ് വിക്കറ്റുകള്‍ ഇളകാന്‍ തുടങ്ങിയത്. രവി ബിഷ്‌ണോയിയാണ് ഒരേ ഓവറില്‍ വാര്‍ണറെയും ബെയര്‍സ്‌റ്റോയെയും പുറത്താക്കിയത്. അനാവശ്യ ഷോട്ടുകളിലൂടെയാണ് പിന്നീട് വന്നവര്‍ വിക്കറ്റുകള്‍ കളഞ്ഞത്. രവി ബിഷ്‌ണോയി പഞ്ചാബിനായി മൂന്ന് വിക്കറ്റ് നേടി.