കാര്‍ത്തിക്കിന്റെ വെടിക്കെട്ട് പാഴായി; നൈറ്റ് റൈഡേഴ്‌സിനെതിരേ റോയല്‍സിന് ജയം

50 പന്തില്‍ നിന്ന് 9 സിക്‌സടറടക്കം 97 റണ്‍സെടുത്ത കാര്‍ത്തിക്ക് പുറത്താവാതെ നിന്നു

Update: 2019-04-25 18:55 GMT

കൊല്‍ക്കത്ത: ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിന്റെ വെടിക്കെട്ട് ഇന്നിങ്‌സ് പാഴായ മല്‍സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ രാജസ്ഥാനു മൂന്നുവിക്കറ്റ് ജയം. 175 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ നാലുപന്തും മൂന്നുവിക്കറ്റും ശേഷിക്കെ ലക്ഷ്യംകണ്ടു. ജയത്തോടെ അവസാന സ്ഥാനത്തുനിന്ന് രാജസ്ഥാന്‍ ഒരു പടി കയറി. കൊല്‍ക്കത്തയാവട്ടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയും ഏറ്റുവാങ്ങി. രാജസ്ഥാനായി മികച്ച ഇന്നിങ്‌സ് ചൂണ്ടികാട്ടാനില്ലെങ്കിലും രഹാനെ(34), സഞ്ജു(22), റിയാന്‍ പരാഗ്(47), ജൊഫറാ ആര്‍ച്ചര്‍ (27) എന്നിവരുടെ മികവിലാണ് രാജസ്ഥാന്‍ റോയല്‍സ് ജയം നേടിയത്. 31 പന്തില്‍ നിന്നാണ് റിയാന്‍ പരാഗ് 47 റണ്‍സെടുത്തത്. ജൊഫറാ ആര്‍ച്ചര്‍ 12 പന്തില്‍ നിന്നാണ് 27 റണ്‍സെടുത്തത്. ഏഴു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍് ലക്ഷ്യം നേടിയത്. കൊല്‍ക്കത്തയ്ക്കു വേണ്ടി പിയൂഷ് ചൗള മൂന്നും സുനില്‍ നരേയ്ന്‍ രണ്ടും വിക്കറ്റുകള്‍ നേടി.

    നേരത്തേ ടോസ് നേടിയ രാജസ്ഥാന്‍ കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത 175 റണ്‍സെടുത്തത്. 50 പന്തില്‍ നിന്ന് 9 സിക്‌സടറടക്കം 97 റണ്‍സെടുത്ത കാര്‍ത്തിക്ക് പുറത്താവാതെ നിന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആന്ദ്രേ റസ്സലിന് 14 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നിതീഷ് റാണ 21, ശുഭ്മാന്‍ ഗില്‍ 14 റണ്‍സെടുത്തു. വരുണ്‍ ആരോണ്‍ രാജസ്ഥാന് വേണ്ടി രണ്ടു വിക്കറ്റ്് നേടി.




Tags:    

Similar News