ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം
ഇന്ത്യയില്‍ കൊവിഡിന് ശേഷം നടക്കുന്ന ആദ്യ അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റാണെന്ന പ്രത്യേകതയും പരമ്പരയ്ക്കുണ്ട്.
ചെന്നൈ; ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ ആദ്യ അങ്കത്തിന് ഇന്ന് തുടക്കം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയോടെയാണ് ഇന്ത്യ ഫൈനല്‍ ബെര്‍ത്തിനായി ഒരുങ്ങുന്നത്. ഇംഗ്ലണ്ടും ഫൈനല്‍ ലക്ഷ്യം വെച്ച് തന്നെയാണ് ചെന്നൈയില്‍ ഇറങ്ങുന്നത്. ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയും ശ്രീലങ്കയ്‌ക്കെതിരേ ഇംഗ്ലണ്ടും ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഒപ്പത്തിനൊപ്പമാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യയില്‍ കൊവിഡിന് ശേഷം നടക്കുന്ന ആദ്യ അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റാണെന്ന പ്രത്യേകതയും പരമ്പരയ്ക്കുണ്ട്. ഒരു വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ക്രിക്കറ്റ് മാമാങ്കത്തിന് വീണ്ടും തുടക്കമിടുന്ന പരമ്പര സ്വന്തമാക്കാന്‍ തന്നെയാണ് ഇന്ത്യയുടെ ശ്രമം. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഇല്ലാതിരുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍ എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. രാവിലെ 9.30 നാണ് മല്‍സരം. ഓസിസ് പര്യടനത്തിലെ നിര്‍ണ്ണായക താരമായ പേസര്‍ മുഹമ്മദ് സിറാജ് ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുന്ന കാര്യത്തില്‍ സംശയമാണ്. ഇഷാന്ത് ശര്‍മ്മയ്ക്കാവും നറുക്ക് വീഴുക. ബുംറയുടെ നേതൃത്വത്തിലുള്ള പേസ് നിരയില്‍ ആര്‍ക്ക് നറുക്ക് വീഴുമെന്ന് കണ്ടറിയാം. സ്പിന്‍ നിരയിലേക്ക് കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ മല്‍സരിക്കുന്നു. പ്രതിഭാ സമ്പന്നമായ ടീമില്‍ ഇടം നേടാന്‍ കാത്തിരിക്കുകയാണ് താരങ്ങള്‍. ഇംഗ്ലണ്ട് നിരയില്‍ ബെന്‍ സ്റ്റോക്കസ് , ജൊഫ്രാ ആര്‍ച്ചര്‍ എന്നിവര്‍ തിരിച്ചെത്തിയിട്ടുണ്ട്.