ഏഷ്യാ കപ്പ്; ഇന്ത്യ പുറത്ത് തന്നെ; പാകിസ്താനെ മുള്‍മുനയില്‍ നിര്‍ത്തി അഫ്ഗാന്‍ കീഴടങ്ങി

എന്നാല്‍ നസീം ഷായുടെ സ്‌ട്രൈക്ക് പാകിസ്താന് വിജയമൊരുക്കുകയായിരുന്നു.

Update: 2022-09-07 17:43 GMT


ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ഏക പ്രതീക്ഷ അവസാനിച്ചു.പാകിസ്താനെ അവസാനം വരെ വിറപ്പിച്ച് അഫ്ഗാന്‍ കീഴടങ്ങി.ഒരു വിക്കറ്റിനാണ് പാകിസ്താന്റെ ജയം. ഇതോടെ ഇന്ത്യ ഏഷ്യാ കപ്പില്‍ നിന്നും പുറത്തായി. പാകിസ്താന്‍ ഫൈനലില്‍ കടന്നു.ശ്രീലങ്കയാണ് ഫൈനലില്‍ പാകിസ്താന്റെ എതിരാളി. സൂപ്പര്‍ ഫോറില്‍ പാകിസ്താന് രണ്ട് ജയങ്ങളാണുള്ളത്. അവസാന ഓവര്‍ വരെ അഫ്ഗാന്‍ വിജയപ്രതീക്ഷയിലായിരുന്നു. എന്നാല്‍ നസീം ഷായുടെ സ്‌ട്രൈക്ക് പാകിസ്താന് വിജയമൊരുക്കുകയായിരുന്നു.


130 റണ്‍സ് ലക്ഷ്യമായിരുന്നു പാകിസ്താന് മുന്നില്‍. എന്നാല്‍ അഫ്ഗാന്‍ തുടക്കം മുതല്‍ അവസാനം വരെ പാകിസ്താനെ ഞെട്ടിച്ചു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത് അവര്‍ വിജയപ്രതീക്ഷ പുലര്‍ത്തി. ബാബറിനെ അക്കൗണ്ട് തുറക്കാന്‍ വിട്ടില്ല. ഫഖറിനെ അഞ്ച് റണ്‍സിനും പുറത്താക്കി. റിസ്വാന്‍ (20) പുറത്തായതിന് ശേഷം ഇഫ്തിഖറും (30) ഷഹദാബും (36) പാകിസ്താന് വേണ്ടി നിലയുറപ്പിച്ചിരുന്നു. എന്നാല്‍ ഇരുവരും പുറത്തായതിന് ശേഷം പാകിസ്താന്റെ നില പരുങ്ങലില്‍ ആയി.


പിന്നീട് പാകിസ്താന്റെ പ്രതീക്ഷ ആസിഫ് അലിയില്‍(16) ആയിരുന്നു. ഇതിനിടെ വന്ന നവാസ്, ഖുഷ്ദില്‍, റൗഫ് എന്നിവര്‍ പെട്ടെന്ന് പുറത്തായി. 18.5 ഓവറില്‍ ആസിഫ് അലി പുറത്തായതോടെ പാക് പ്രതീക്ഷ അവസാനിച്ചിരുന്നു. എന്നാല്‍ മറുവശത്ത് പേസ് സെന്‍സേഷന്‍ നസീം സ്‌ട്രൈക്ക് ഏറ്റെടുത്തിരുന്നു. നാല് പന്തില്‍ 14 റണ്‍സുമായി താരം പാകിസ്താനെ ജയത്തിലേക്ക് നയിച്ചു. 19.2 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്‍ ജയം വരിച്ചു. (131-9). അവസാന ഓവറിലെ രണ്ടാം പന്ത് സിക്‌സര്‍ അടിച്ചാണ് നസീം ഷാ ടീമിനെ ഫൈനലില്‍ എത്തിച്ചത്.


നേരത്തെ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനെ അഫ്ഗാനായുള്ളൂ. ഇബ്രാഹിം സദ്രാന്‍ (35) ആണ് ടോപ് സ്‌കോറര്‍. ഹസ്‌റത്തുള്ള(21), ഗുര്‍ബാസ് (17), ജനത്ത് (15), റാഷിദ് (18) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് അഫ്ഗാന്‍ താരങ്ങള്‍.ഈ മല്‍സരത്തില്‍ പാകിസ്താന്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയ്ക്ക് നേരിയ ഫൈനല്‍ സാധ്യതയുണ്ട്. എന്നാല്‍ അഫ്ഗാനെ പാകിസ്താന്‍ ചെറിയ സ്‌കോറില്‍ തളച്ചതോടെ ഇന്ത്യയുടെ പ്രതീക്ഷ അവസാനിച്ചിരിക്കുകയാണ്.





Tags:    

Similar News