പിങ്ക് ബോള്‍ ടെസ്റ്റ്; രണ്ടാം ദിനം ഇംഗ്ലണ്ട് തിരിച്ചടിച്ചു; ഇന്ത്യ145ന് പുറത്ത്
ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടമായി.
അഹ്മദാബാദ്; പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യക്ക് തിരിച്ചടി. ആദ്യ ഇന്നിങ്‌സില്‍ മറുപടി ബാറ്റിങ് തുടര്‍ന്ന ഇന്ത്യയെ സന്ദര്‍ശകര്‍ 145 റണ്‍സിന് പുറത്താക്കി. അഞ്ച് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടും നാല് വിക്കറ്റെടുത്ത ജൊഫ്രാ ആര്‍ച്ചറുമാണ് ഇന്ത്യന്‍ ബാറ്റിങിന്റെ നടുവൊടിച്ചത്. എട്ട് റണ്‍സ് വിട്ടുകൊടുത്താണ് റൂട്ടിന്റെ അഞ്ച് വിക്കറ്റ് നേട്ടം. 24 റണ്‍സ് വിട്ടുകൊടുത്താണ് ആര്‍ച്ചറിന്റെ നേട്ടം. 66 റണ്‍സെടുത്ത രോഹിത്ത് ശര്‍മ്മ ഒഴികെ ഒരു ഇന്ത്യന്‍ താരത്തിനും ഇന്ന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ആര്‍ അശ്വിന്‍ 17 ഉം ഇഷാന്ത് ശര്‍മ്മ 10 ഉം റണ്‍സ് നേടി. രഹാനെ (7), ഋഷഭ് പന്ത്(1), വാഷിങ്ടണ്‍ സുന്ദര്‍(0), അക്‌സര്‍ പട്ടേല്‍ (0) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി. 98-3 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ ഞൊടിയിടയില്‍ 145 റണ്‍സിന് പുറത്തായത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടമായി.അക്‌സര്‍ പട്ടേലിനാണ് വിക്കറ്റ്.ആദ്യ ഓവറിലെ ആദ്യ പന്തിലും മൂന്നാമത്തെ പന്തിലുമാണ് താരം വിക്കറ്റ് നേടിയത്. ക്രൗലേ(0), ബെയര്‍സ്റ്റോ (0) എന്നിവരെയാണ് അക്‌സര്‍ പുറത്താക്കിയത്. ജോ റൂട്ട് (4), സിബ്ലേ (1) എന്നിവരാണ് ക്രീസിലുള്ളത്. കഴിഞ്ഞ ദിവസം ഇന്ത്യ ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്‌സില്‍ 112 റണ്‍സിന് പുറത്താക്കിയിരുന്നു.