കാര്‍ത്തിക്ക് മാജിക്ക്; അവസാന പന്തില്‍ ജയം വെട്ടിപ്പിടിച്ച് രാജസ്ഥാന്‍ റോയല്‍സ്
അനായാസം ജയിക്കേണ്ടിയിരുന്ന മല്‍സരത്തെ രാജസ്ഥാന് അനുകൂലമാക്കിയത് കാര്‍ത്തിക്ക് ത്യാഗിയാണ്.
ദുബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അവസാന പന്ത് വരെ ആവേശം വിതറിയ മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് രണ്ട് റണ്‍സ് ജയം. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിന് അത് നേടാനാവത്തതോടെ ജയം കൈവിടേണ്ടി വന്നു. ജയം ഉറപ്പിച്ച കളിയാണ് ചെറിയ പിഴവ് കൊണ്ട് പഞ്ചാബ് കൈവിട്ടത്. 18ാം ഓവര്‍ വരെ പഞ്ചാബ് വിജയമുറപ്പിച്ചിരുന്നു. അനായാസം ജയിക്കേണ്ടിയിരുന്ന മല്‍സരത്തെ രാജസ്ഥാന് അനുകൂലമാക്കിയത് കാര്‍ത്തിക്ക് ത്യാഗിയാണ്.
കാര്‍ത്തിക്കിന്റെ അവസാന ഓവര്‍ മാജിക്കാണ് റോയ്ല്‍സിന് ജയമൊരുക്കിയത്. 185 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് അനായാസം കുതിച്ച പഞ്ചാബിനെ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ പിടിച്ചുകെട്ടി. അവസാന ഓവറില്‍ രണ്ട് വിക്കറ്റ് നേടിയാണ് കാര്‍ത്തിക്ക് ടീമിന് തുണയായത്.കാര്‍ത്തിക്കിന്റെ പന്തിനെ നേരിടാന്‍ നിക്കോളസ് പൂരനും(32), ഹൂഡയും നന്നേ ബുദ്ധിമുട്ടി. ഇരുവരുടെയും വിക്കറ്റുകളാണ് കാര്‍ത്തിക്ക് കൈക്കലാക്കിയത്.
ക്യാപ്റ്റന്‍ രാഹുല്‍ (33 പന്തില്‍ 49) മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. 43 പന്തില്‍ 67 റണ്‍സെടുത്താണ് ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ടോപ് സ്‌കോറര്‍ ആയത്. ആഡം മര്‍ക്രം 26 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ടോസ് നേടിയ പഞ്ചാബ് റോയല്‍സിനെ ബാറ്റിങിനയക്കുകയായിരുന്നു. 49 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാല്‍, 43 റണ്‍സെടുത്ത മഹിപാല്‍ ലൊംറോര്‍, 36 റണ്‍സെടുത്ത എവിന്‍ ലെവിസ് എന്നിവരാണ് രാജസ്ഥാന്‍ റോയല്‍സിനായി വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ചത്. 17 പന്തില്‍ നാല് സിക്‌സറിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെയാണ് മഹിപാല്‍ മിന്നും ബാറ്റിങ് കാഴ്ചവച്ചത്. 21 പന്തിലാണ് ലെവിസ് 36 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ സഞ്ജു (4) ഇന്ന് നിരാശനാക്കി. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ് അഞ്ച് വിക്കറ്റെടുത്തു. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും നേടി.