രഞ്ജി ട്രോഫി; കേരളം 171 റണ്‍സിന് പുറത്ത്; ഗുജറാത്തിന് ലക്ഷ്യം 194 റണ്‍സ്
വയനാട്: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാംദിനം കേരളത്തിന്റെ രണ്ടാം ഇന്നിങ്‌സ് 171ല്‍ അവസാനിച്ചു.നേരത്തെ 23 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി ബാറ്റ് ചെയ്ത കേരളത്തെ ഗുജറാത്ത് ബൗളര്‍മാര്‍ 171ല്‍ പിടിച്ചൊതുക്കുകയായിരുന്നു. ഇതോടെ ഗുജറാത്തിന്റെ വിജയലക്ഷ്യം 194 റണ്‍സായി. സിജോമോനാണ്(56) കേരളത്തിന്റെ ടോപ് സ്‌കോറര്‍. ജലജ് സക്‌സേന 44 റണ്‍സെടുത്തു.രാഹുല്‍(10), വിനൂപ്(16), സച്ചിന്‍ ബേബി(24), വിഷ്ണു വിനോദ്(9) എന്നിവര്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. പരിക്കേറ്റ സഞ്ജു സാംസണ്‍ ടീമിനായി ബാറ്റ് ചെയ്തു. സഞ്ജു എട്ടു റണ്‍സെടുത്തു.ഗുജറാത്തിന് വേണ്ടി കലാരിയയും അക്‌സര്‍ പട്ടേലും മൂന്നുവീതം വിക്കറ്റ് വീഴ്ത്തി. കൃഷണഗിരി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഇന്ന് രാവിലെ 97ന് നാല് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഗുജറാത്തിനെ കേരളാ പേസര്‍മാര്‍ എറിഞ്ഞിട്ടു. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 185 റണ്‍സിന് അവസാനിച്ചിരുന്നു. 185 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്തിനെ കേരളാ പേസര്‍മാര്‍ 162ല്‍ ഒതുക്കി. സന്ദീപ് വാര്യര്‍ നാലും ബേസില്‍ തമ്പി, നിധീഷ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റും കേരളത്തിന് വേണ്ടി സ്വന്തമാക്കി.
ഗുജറാത്തിന് വേണ്ടി ക്യാപ്റ്റന്‍ പാര്‍ത്ഥിവ് പട്ടേല്‍ 43 ഉം കലേറിയ 36 ഉം റണ്‍സെടുത്തു. റുജുല്‍ ബട്ടും ധ്രുവ് റവലുമാണ് ഇന്ന് ഗുജറാത്തിനായി ബാറ്റിങ് പുനരാരംഭിച്ചത്. 17ഉം 14ഉം റണ്‍സെടുത്ത ഇരുവരുടെയും വിക്കറ്റ് സന്ദീപ് വാര്യരും ബേസില്‍ തമ്പിയും യഥാക്രമം സ്വന്തമാക്കി. കൃഷ്ണഗിരി പിച്ച് പേസര്‍മാര്‍ക്ക് അനുകൂലമാണ്. ആദ്യദിനം ഇരു ടീമുകളുടെയും പേസര്‍മാര്‍ 13 വിക്കറ്റുകള്‍ ആണ് നേടിയത്. ഈ മല്‍സരം ജയിച്ചാല്‍ കേരളത്തിന് സെമിയില്‍ പ്രവേശിക്കാം.