സിംബാബ്‌വെയ്‌ക്കെതിരേ രണ്ടാം ജയം; പരമ്പരയില്‍ ഇന്ത്യ മുന്നില്‍

Update: 2024-07-10 14:47 GMT

ഹരാരെ: ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സിംബാബ്വെയെ 23 റണ്‍സിന് വീഴ്ത്തി അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സിംബാബ്വെ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്ത് പോരാട്ടം അവസാനിപ്പിച്ചു. 49 പന്തില്‍ 65 റണ്‍സുമായി പുറത്താകാതെ നിന്ന ഡിയോണ്‍ മയേഴ്‌സാണ് സിംബാബ്വെയുടെ ടോപ് സ്‌കോറര്‍. 37 റണ്‍സെടുത്ത ക്ലൈവ് മദാന്ദെയും സിംബാബ്വെക്കായി തിളങ്ങി. ഇന്ത്യക്കായി 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത വാഷിംഗ്ടണ്‍ സുന്ദര്‍ കളിയിലെ താരമായി. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 182-4, സിംബാബ്വെ 20 ഓവറില്‍ 159-6.

തുടക്കത്തിലെ വിക്കറ്റുകള്‍ എറിഞ്ഞിട്ട ഇന്ത്യ അനായാസ ജയം പ്രതീക്ഷിച്ചിരുന്നിടത്തു നിന്നായിരുന്നു സിംബാബ്വെ തിരിച്ചടിച്ചത്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ മധേവേരയെ(1) വീഴ്ത്തി ആവേശ് ഖാനാണ് സിംബാബ്വെയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. മറുമാണിയെ(13) ഖലീലും ബ്രയാന്‍ ബെന്നറ്റിനെ(4) രവി ബിഷ്‌ണോയിയുടെ വണ്ടര്‍ ക്യാച്ചില്‍ ആവേശും മടക്കിയതോടെ സിംബാബ്വെ പവര്‍ പ്ലേ കഴിയുമ്പോള്‍ 37-3ലേക്ക് വീണു. പവര്‍ പ്ലേക്ക് പിന്നാലെ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരോവറില്‍ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയെയും(15), ജൊനാഥന്‍ കാംപ്ബെല്ലിനെയും(1) വീഴ്ത്തിയതോടെ 39-5ലേക്ക് വീണ സിംബാബ്വെ വലിയ തോല്‍വി വഴങ്ങുമെന്ന് കരുതി. എന്നാല്‍ ഏഴാം ഓവറില്‍ ഒത്തു ചേര്‍ന്ന മയേഴ്‌സും മദാന്ദെയും 77 റണ്‍സ് കൂട്ടുകെട്ടിലൂടെ തകര്‍ത്തടിച്ചതോടെ ഇന്ത്യയുടെ പിടി അയഞ്ഞു.

അഞ്ചാം ബൗളറില്ലാതിരുന്നതും ഇന്ത്യക്ക് തിരിച്ചടിയായി. ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ 19ഉം രവി ബിഷ്‌ണോയ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 16 ഉം റണ്‍സടിച്ച സിംബാബ്വെ അവസാന നാലോവറില്‍ 48 റണ്‍സടിച്ചെങ്കിലും ലക്ഷ്യം എത്തിപ്പിടിക്കാനായില്ല. മയേഴ്‌സ് 49 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും പറത്തി 65 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മദാന്ദെ 26 പന്തില്‍ 37 റണ്‍സടിച്ചു. ഇന്ത്യക്കായി ഖലീല്‍ ആഹമ്മദ് നാലോവറില്‍ 15 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ നാലോവറില്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റും ആവേശ് ഖാന്‍ നാലോവറില്‍ 39 റണ്‍സിന് രണ്ട് വിക്കറ്റുമെടുത്തു. അഞ്ചാം ബൗളറുടെ ക്വാട്ട പൂര്‍ത്തിയാക്കിയ അഭിഷേക് ശര്‍മ രണ്ടോവറില്‍ 23ഉം ശിവം ദുബെ രണ്ടോവറില്‍ 27 റണ്‍സും വഴങ്ങി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി വെടിക്കെട്ട് ബാറ്റിംഗുമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും റുതുരാജ് ഗെയ്ക്വാദും നിറഞ്ഞാടിയാണ് ഇന്ത്യയെ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സിലെത്തിച്ചത്. 49 പന്തില്‍ 66 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റുതുരാജ് ഗെയ്ക്വാദ് 28 പന്തില്‍ 49 റണ്‍സെടുത്തപ്പോള്‍ യശസ്വി ജയ്‌സ്സ്വാള്‍ 36ഉം അഭിഷേക് ശര്‍മ 10 ഉം റണ്‍സെടുത്ത് പുറത്തായി. പതിനെട്ടാം ഓവറില്‍ അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു ഏഴ് പന്തില്‍ രണ്ട് ബൗണ്ടറിയോടെ 12 റണ്‍സുമായും റിങ്കു സിംഗ് ഒരു റണ്ണുമായും പുറത്താകാതെ നിന്നു.




Tags:    

Similar News