ലോകകപ്പ് സൂപ്പര്‍ 12 ലെ അവസാന പോരാളിയെ ഇന്നറിയാം; അയര്‍ലന്റും നമീബിയും നേര്‍ക്ക് നേര്‍
അവസാന മല്‍സരത്തില്‍ ഒമാനെ അനായാസം വീഴ്ത്തിയാണ് സ്‌കോട്ട്‌ലന്റ് അടുത്ത റൗണ്ടിലേക്ക് കടന്നത്.
ദുബയ്: ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12ലേക്ക് യോഗ്യത നേടുന്ന അവസാന ടീമിനെ ഇന്നറിയാം. ഗ്രൂപ്പ് എയിലെ അയര്‍ലന്റ്-നമീബിയാ മല്‍സരത്തിലെ വിജയികളാണ് യോഗ്യത നേടുക. ഗ്രൂപ്പില്‍ രണ്ട് പോയിന്റുമായി അയര്‍ലന്റും നമീബിയയും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഈ ഗ്രൂപ്പില്‍ നിന്ന് ശ്രീലങ്ക രണ്ട് ജയങ്ങളുമായി നേരത്തെ യോഗ്യത നേടിയിരുന്നു. അവസാന മല്‍സരത്തില്‍ ശ്രീലങ്ക ഇന്ന് ഹോളണ്ടിനെ നേരിടും. ഒരു ജയവുമില്ലാത്ത ഓറഞ്ച്പട പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.
ഗ്രൂപ്പ് ബിയില്‍ നിന്ന് സ്‌കോട്ടലന്റും ബംഗ്ലാദേശുമാണ് സൂപ്പര്‍ 12ലേക്ക് യോഗ്യത നേടിയത്. മൂന്ന് ജയങ്ങളുമായാണ് സ്‌കോട്ടിഷ് പട അടുത്ത റൗണ്ടിലേക്ക് കടന്നത്. രണ്ട് ജയങ്ങളുമായാണ് ബംഗ്ലാദേശിന്റെ പ്രവേശനം. ഈ ഗ്രൂപ്പില്‍ നിന്ന് ഒമാനും പപ്പുആ ന്യൂഗനിയയുമാണ് പുറത്തായത്. ആദ്യമായാണ് സ്‌കോട്ടലന്റ് ട്വന്റി-20 ലോകകപ്പിന് യോഗ്യത നേടുന്നത്. കഴിഞ്ഞ ദിവസം നടന്ന അവസാന മല്‍സരത്തില്‍ ഒമാനെ അനായാസം വീഴ്ത്തിയാണ് സ്‌കോട്ട്‌ലന്റ് അടുത്ത റൗണ്ടിലേക്ക് കടന്നത്. സ്‌കോര്‍ ഒമാന്‍-122. സ്‌കോട്ട്‌ലന്റ്-123-2(17 ഓവര്‍).