വിജയ് ഹസാരെ ട്രോഫി; ശ്രീശാന്തിന് അഞ്ച് വിക്കറ്റ്; കേരളത്തിന് ജയം
ടൂര്‍ണ്ണമെന്റില്‍ രണ്ട് മല്‍സരങ്ങളില്‍ നിന്നായി ഏഴ് വിക്കറ്റാണ് താരം നേടിയത്.
ആലൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും കേരളത്തിന് ജയം. ഉത്തര്‍പ്രദേശിനെതിരേ മൂന്ന് വിക്കറ്റ് നേട്ടമാണ് കേരളം സ്വന്തമാക്കിയത്. എസ് ശ്രീശാന്തിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് കേരളത്തിന് തുണയായത്. 15 വര്‍ഷത്തിന് ശേഷമാണ് ആഭ്യന്തര ക്രിക്കറ്റില്‍ ശ്രീശാന്ത് അഞ്ച് വിക്കറ്റ് നേടുന്നത്. ടൂര്‍ണ്ണമെന്റില്‍ രണ്ട് മല്‍സരങ്ങളില്‍ നിന്നായി ഏഴ് വിക്കറ്റാണ് താരം നേടിയത്. ഇത്തവണത്തെ ഐപിഎല്‍ താരലേലത്തിനായി പേര് രജിസ്ട്രര്‍ ചെയ്ത ശ്രീശാന്തിനെ ഫ്രാഞ്ചൈസികള്‍ തഴഞ്ഞിരുന്നു. ഇവര്‍ക്കുള്ള മറുപടിയാണ് താരത്തിന്റെ അഞ്ച് വിക്കറ്റ് നേട്ടം. യു പി ടീമിലെ ഭുവനേശ്വര്‍ കുമാര്‍ (ക്യാപ്റ്റന്‍) അഭിഷേക് ശര്‍മ്മ, മൊഹ്‌സിന്‍ ഖാന്‍, അക്ഷദീപ് നാഥ്, ശിവം ശര്‍മ്മ എന്നിവരുടെ വിക്കറ്റുകളാണ് 37ാം വയസ്സിലെ തിരിച്ചുവരവില്‍ ശ്രീശാന്ത് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശ് 283 റണ്‍സ് നേടി. മറുപടി ബാറ്റിങില്‍ കേരളം 48.5 ഓവറില്‍ ലക്ഷ്യം കണ്ടു. കേരളത്തിനായി റോബിന്‍ ഉത്തപ്പ(81), സച്ചിന്‍ ബേബി (76), ജലജ് സക്‌സേന (31) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചു.