ഇഷാന്‍ കിഷനെ എന്തുകൊണ്ട് ഒഴിവാക്കി; ഒടുവില്‍ ആ ചോദ്യത്തിന് മറുപടി നല്‍കി രാഹുല്‍ ദ്രാവിഡ്
അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 മത്സര തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കിഷനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളെല്ലാം തള്ളിക്കളഞ്ഞ ദ്രാവിഡ് വിശ്രമം ആവശ്യപ്പെട്ടാണ് ഇഷാന്‍ കിഷന്‍ ടീം വിട്ടതെന്ന് വ്യക്തമാക്കി.
മൊഹാലി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വിശ്രമം ആവശ്യപ്പെട്ട് ടീം വിട്ട ഇഷാന്‍ കിഷനെ എന്തുകൊണ്ട് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ നിന്നൊഴിവാക്കി എന്ന ചോദ്യത്തിന് മറുപടി നല്‍കി ഇന്ത്യന്‍ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് തൊട്ടു മുമ്പ് വിശ്രമം ആവശ്യപ്പെട്ട് ടീം വിട്ട കിഷന്‍ പിന്നീട് ദുബയിയില്‍ സഹോദരന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തതും ഒരു ടിവി ഗെയിം ഷോയില്‍ പങ്കെടുത്തതും സെലക്ടര്‍മാരെ ചൊടിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ടീമിലും ടെസ്റ്റ് ടീമിലും ഉണ്ടായിരുന്ന കിഷന്‍ ടെസ്റ്റ് പരമ്പരക്ക് തൊട്ടു മുമ്പ് പിന്‍മാറിയതിനാല്‍ കെ എസ് ഭരതിനെ രണ്ടാം വിക്കറ്റ് കീപ്പറായി ദക്ഷിണാഫ്രിക്കയിലേക്ക് അയക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ഇതിലെല്ലാമുള്ള അതൃപ്തിയാണോ അഫ്ഗാനിസ്ഥാനെതിരായ പരമ്പരക്കുള്ള ടീമില്‍ നിന്ന് കിഷനെ ഒഴിവാക്കാന്‍ കാരണമെന്ന ചോദ്യത്തിനാണിപ്പോള്‍ ദ്രാവിഡ് മറുപടിയുമായി എത്തിയിരിക്കുന്നത്.
അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 മത്സര തലേന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കിഷനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളെല്ലാം തള്ളിക്കളഞ്ഞ ദ്രാവിഡ് വിശ്രമം ആവശ്യപ്പെട്ടാണ് ഇഷാന്‍ കിഷന്‍ ടീം വിട്ടതെന്ന് വ്യക്തമാക്കി. വീണ്ടും സെലക്ഷന് തയ്യാറാണെന്ന്കിഷന്‍ ഇതുവരെ അറിയിച്ചിട്ടില്ല. അത് അറിയിക്കുന്ന സമയം ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോമും ഫിറ്റ്‌നെസും തെളിയിച്ച് കിഷന് ടീമിലേക്ക് മടങ്ങിവരാവുന്നതേയുള്ളൂവെന്നും ദ്രാവിഡ് പറഞ്ഞു. കഴിഞ്ഞ ജൂണില്‍ ശ്രീലങ്കയില്‍ നടന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ഇഷാന്‍ കിഷന് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ കെ എല്‍ രാഹുല്‍ പരിക്ക് മാറി തിരിച്ചെത്തിയതോടെ പ്ലേയിങ് ഇലവനില്‍ സ്ഥാനം നഷ്ടമായിരുന്നു. പിന്നീട് ലോകകപ്പ് ടീമിലും ഇടം നേടിയെങ്കിലും ആദ്യ രണ്ട് മത്സരങ്ങളില്‍ ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി മൂലം കളിക്കാന്‍ കഴിയാത്തതു കൊണ്ട് മാത്രം കിഷന് പ്ലേയിങ് ഇലവനില്‍ അവസരം കിട്ടി. പിന്നീട് ഗില്‍ തിരിച്ചെത്തിയപ്പോള്‍ ശേഷിക്കുന്ന 11 കളികളിലും കിഷന്‍ സൈഡ് ബഞ്ചിലിരുന്ന് കളി കാണേണ്ടിവന്നു.
ലോകകപ്പിന് പിന്നാലെ നടന്ന ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ രണ്ട് അര്‍ധസെഞ്ചുറി നേടിയെങ്കിലും കിഷനെ അവസാന രണ്ട് ടി20 മത്സരങ്ങളില്‍ നിന്നൊഴിവാക്കി. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലും ഇടം നേടിയെങ്കിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. തുടര്‍ച്ചയായുള്ള ഒഴിവാക്കലുകളില്‍ മനംമടുത്താണ് കിഷന്‍ വിശ്രമം ആവശ്യപ്പെട്ട് ടീം വിട്ടതെന്ന് സൂചനകളുണ്ടായിരുന്നു.