ഐപിഎല്ലിനു വേണ്ടി ഏഷ്യാ കപ്പും ട്വന്റി ലോകകപ്പും മാറ്റിവയ്ക്കില്ല

Update: 2020-04-24 09:20 GMT

കറാച്ചി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച ഐപിഎല്‍ ചാംപ്യന്‍ഷിപ്പിനു വേണ്ടി ഏഷ്യാ കപ്പും ട്വന്റി ലോകകപ്പും മാറ്റിവയ്ക്കില്ല. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ആസ്‌ത്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പുമായി മുന്നോട്ടുപോവുമെന്ന് ക്രിക്കറ്റ് ആസ്‌ത്രേലിയ അറിയിച്ചു. ഇതിനായുള്ള ചര്‍ച്ചകള്‍ ഐസിസിയുമായി നടത്തിയതായും അവര്‍ അറിയിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് വേണ്ടി ലോകകപ്പ് മാറ്റിവയ്ക്കുമെന്ന വാര്‍ത്തകള്‍ ആസ്‌ത്രേലിയ നിഷേധിച്ചു. ഐപിഎല്ലിന് വേണ്ടി ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റാന്‍ ഞങ്ങള്‍ ഒരുക്കമല്ലെന്നും അവര്‍ അറിയിച്ചു. അതിനിടെ സപ്തംബറില്‍ നടക്കുന്ന ഏഷ്യാ കപ്പും ഐപിഎല്ലിന് വേണ്ടി നീട്ടിവയ്ക്കില്ലെന്ന് പാകിസ്താനും അറിയിച്ചു. ഷാര്‍ജയില്‍ നടക്കേണ്ട ഏഷ്യാകപ്പ് ബുദ്ധിമുട്ടകളൊന്നുമില്ലെങ്കില്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പിസിബി സിഇഒ വസീം ഖാന്‍ അറിയിച്ചു. ഐപിഎല്ലിന് വേണ്ടി ഏഷ്യാ കപ്പ് നവംബര്‍, ഡിസംബര്‍ മാസത്തിലേക്ക് നീട്ടുമെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. അത്തരത്തിലുള്ള ഒരു നീക്കവുമില്ലെന്നും ഐപിഎല്ലിനായി ഏഷ്യാ കപ്പ് നീട്ടിവയ്ക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ലെന്നും പാകിസ്താന്‍ അറിയിച്ചു.




Tags:    

Similar News