ഷാക്കിബിന് സെഞ്ചുറി; കരീബിയന്‍സിനെ മുട്ടുകുത്തിച്ച് ബംഗ്ലാദേശ്
322 എന്ന വിജയലക്ഷ്യം വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 51 പന്ത് നില്‍ക്കെയാണ് ബംഗ്ലാദേശ് പിന്തുടര്‍ന്നത്. ഈ ലോകകപ്പില്‍ തന്റെ രണ്ടാം സെഞ്ചുറി (124) നേടിയ ഷാക്കിബ് ഉല്‍ ഹസ്സനും ആറ് റണ്‍സിന് സെഞ്ചുറി നഷ്ടപ്പെട്ട ലിറ്റണ്‍സണ്‍ ദാസും(94) ചേര്‍ന്നാണ് കൂറ്റന്‍ ലക്ഷ്യം മറികടന്നത്.
ടൗണ്‍ടണ്‍: ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ മിന്നും ജയവുമായി ബംഗ്ലാദേശ്. കരീബിയന്‍സിനെ ഏഴുവിക്കറ്റിനാണ് ബംഗ്ലാ കടുവുകള്‍ വീഴ്ത്തിയത്. 322 എന്ന വിജയലക്ഷ്യം വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 51 പന്ത് നില്‍ക്കെയാണ് ബംഗ്ലാദേശ് പിന്തുടര്‍ന്നത്. ഈ ലോകകപ്പില്‍ തന്റെ രണ്ടാം സെഞ്ചുറി (124) നേടിയ ഷാക്കിബ് ഉല്‍ ഹസ്സനും ആറ് റണ്‍സിന് സെഞ്ചുറി നഷ്ടപ്പെട്ട ലിറ്റണ്‍സണ്‍ ദാസും(94) ചേര്‍ന്നാണ് കൂറ്റന്‍ ലക്ഷ്യം മറികടന്നത്.
ബംഗ്ലാദേശിന് തമീം ഇഖ്ബാലും (48), സൗമ്യാ സര്‍ക്കാരും (29) ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. തുടര്‍ന്ന് സൗമ്യ സര്‍ക്കാര്‍ പുറത്തായതിന് ശേഷം തമീം, ഷാക്കിബിനൊപ്പം ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് പെട്ടെന്ന് ചലിപ്പിച്ചു. തമീം പുറത്തായതിന് ശേഷമെത്തിയ ലിറ്റണ്‍ ദാസിനൊപ്പം ചേര്‍ന്ന് ഷാക്കിബ് പുറത്തെടുത്ത ഇന്നിങ്‌സാണ് വിജയത്തില്‍ നിര്‍ണായകമായത്. ഇരുവരും ചേര്‍ന്നാണ് ബംഗ്ലാ വിജയം എളുപ്പമാക്കിയത്. വിന്‍ഡീസ് ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചാണ് ബംഗ്ലാദേശ് മല്‍സരം അവസാനിപ്പിച്ചത്. വെസ്റ്റ് ഇന്‍ഡീസിനായി റസ്സല്‍, തോമസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ലോകകപ്പിലെ ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ വിജയമാണിത്. ഈ ലോകകപ്പിലെ രണ്ടാം ജയവും. നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് വിന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ഷായ് ഹോപ്പ് (94), ലെവിസ് (70), ഹെറ്റ്‌മെയര്‍ എന്നിവരുടെ ബാറ്റിങ്ങാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ നല്‍കിയത്. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 321 റണ്‍സെടുക്കുകയായിരുന്നു. സെഞ്ചുറിക്ക് നാല് റണ്‍സകലെവച്ച് ഷായ് ഹോപ്പ് പുറത്തായി. സെയ്ഫുദ്ദീന്‍, മുസ്തഫിസൂര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും ഷാക്കിബ് രണ്ട് വിക്കറ്റും ബംഗ്ലാദേശിനായി നേടി. പോയിന്റ് നിലയില്‍ ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തും വെസ്റ്റ് ഇന്‍ഡീസ് ഏഴാം സ്ഥാനത്തുമാണ്.