രോഹിത്തിനും രാഹുലിനും സെഞ്ചുറി; അവസാന അങ്കവും ജയിച്ച് ഇന്ത്യ

Update: 2019-07-06 17:29 GMT

ലീഡസ്: ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടവും ജയിച്ച് ഇന്ത്യ. രോഹിത്ത് ശര്‍മ്മയും കെ എല്‍ രാഹുലും(118 പന്തില്‍ 111 റണ്‍സ്) സെഞ്ചുറി നേടിയ മല്‍സരത്തില്‍ 43.3 ഓവറിലാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടത്(265). ലോകകപ്പില്‍ തന്റെ അഞ്ചാം ശതകവുമായാണ് (94 പന്തില്‍ 103 റണ്‍സ്) രോഹിത്ത് ലീഡ്‌സില്‍ കളം നിറഞ്ഞ് കളിച്ചത്. കോഹ്‌ലി 34 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ലങ്കയ്ക്ക് വേണ്ടി ലസിത് മലിങ്ക, കസുന്‍ രജിതാ, ഇസുറു ഉദാന എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുക്കുകയായിരുന്നു. തുടക്കത്തിലെ തകര്‍ന്ന ലങ്ക ഒരു ഘട്ടത്തില്‍ നാലിന് 55 എന്ന നിലയിലായിരുന്നു. തുടര്‍ന്ന് നിലയുറപ്പിച്ച് സെഞ്ചുറി നേടിയ ആഞ്ചെലോ മാത്യൂസും (113), അര്‍ദ്ധസെഞ്ചുറി നേടിയ തിരിമന്നെയും ചേര്‍ന്നാണ് ലങ്കയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ നിരയില്‍ മികച്ച ബൗളിങ് കാഴ്ചവച്ചത്. ബുംറ മൂന്ന് വിക്കറ്റ് നേടി. യാദവ്, ജഡേജ, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാമത്തെത്തി. ഇപ്പോള്‍ നടന്നകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്ക-ആസ്‌ത്രേലിയ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക ജയിക്കുകയാണെങ്കില്‍ ഓസിസിനെ തള്ളി ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്താം. 

Tags:    

Similar News