ജയിച്ചേ തീരൂ; ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സയ്ക്ക് ഇന്ന് വിധി ദിനം
ഇതോടെ ബാഴ്‌സ യൂറോപ്പാ ലീഗില്‍ കളിക്കേണ്ടി വരും.
ചാംപ്യന്‍സ് ലീഗില്‍ സ്പാനിഷ് പ്രമുഖരായ ബാഴ്‌സലോണയ്ക്ക് ഇന്ന് നിര്‍ണ്ണായകം. ഗ്രൂപ്പ് ഇയില്‍ നിന്ന് അവസാന 16ലേക്ക് ഇടം നേടണമെങ്കില്‍ ബാഴ്‌സയ്ക്ക് ഇന്ന് ജയിക്കണം. ബാഴ്‌സയുടെ എതിരാളി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ബയേണ്‍ മ്യുണിക്കാണ്. അഞ്ചില്‍ അഞ്ച് ജയവുമായി മികച്ച ഫോമിലുള്ള ബയേണിനെ തോല്‍പ്പിക്കുക ബാഴ്‌സയ്ക്ക് കടുത്ത വെല്ലുവിളിയാണ്.
ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ ശക്തികളായ ബെന്‍ഫിക്ക ഡൈനാമോ കെയ്‌വിനെ നേരിടും. ബാഴ്‌സ തോല്‍ക്കുകയും ബെന്‍ഫിക്ക ജയിക്കുകയും ചെയ്താല്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ബെന്‍ഫിക്ക ചാംപ്യന്‍സ് ലീഗ് നോക്കൗട്ടില്‍ കയറും. ഇതോടെ ബാഴ്‌സ യൂറോപ്പാ ലീഗില്‍ കളിക്കേണ്ടി വരും.
അന്‍സു ഫാത്തി, മാര്‍ട്ടിന്‍ ബ്രെത്ത് വൈറ്റ്, സെര്‍ജി റോബെര്‍ട്ടോ, ഡാനി ആല്‍വ്‌സ്, ജോര്‍ദി ആല്‍ബി എന്നിവര്‍ പരിക്കിനെ തുടര്‍ന്ന് ഇന്ന് ടീമിനൊപ്പം ഇറങ്ങില്ല. പെഡ്രിയുടെ കാര്യവും സംശയത്തിലാണ്. മെംഫിസ് ഡിപ്പേ, ഗവി, ബുസ്‌കറ്റ്‌സ്, ഡി ജോങ്, പിക്വെ എന്നിവര്‍ ഇന്ന് ഇറങ്ങും. രാത്രി 1.30നാണ് മല്‍സരം.
ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് മല്‍സരങ്ങള്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും. ഇന്ന് എട്ട് മല്‍സരങ്ങളാണ് യൂറോപ്പില്‍ അരങ്ങേറുന്നത്.ഗ്രൂപ്പ് ജിയില്‍ നടക്കുന്ന മല്‍സരങ്ങളാണ് നിര്‍ണ്ണായകം. ഫ്രഞ്ച് പ്രമുഖരായ ലില്ലെ (8)യാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ലില്ലെയുടെ എതിരാളി നാലാം സ്ഥാനത്ത് നില്‍ക്കുന്ന വോള്‍വ്‌സ്ബര്‍ഗ്(5)ആണ്. രണ്ടാമത്തെ മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തുള്ള സ്പാനിഷ് ശക്തികളായ സെവിയ്യ(6), ആര്‍ബി സാല്‍സ്ബര്‍ഗിനെ(7) നേരിടും. ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ടിലേക്ക് പ്രവേശിക്കുന്ന രണ്ട് ടീമുകളെ അറിയാന്‍ രണ്ട് മല്‍സരങ്ങളും അവസാനിക്കണം. നാല് ടീമുകള്‍ക്കും നോക്കൗട്ട് പ്രതീക്ഷയുണ്ട്. രാത്രി 1.30നാണ് മല്‍സരം.
ഗ്രൂപ്പ് എച്ചില്‍ നടക്കുന്ന മല്‍സരങ്ങളില്‍ നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ചെല്‍സി സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനെ നേരിടും. ഇതേ ഗ്രൂപ്പില്‍ പ്രീക്വാര്‍ട്ടറില്‍ കടന്ന യുവന്റസ് മാല്‍മോ എഫ്എഫിനെതിരേ ഇറങ്ങും.
ഗ്രൂപ്പ് എഫില്‍ നടക്കുന്ന മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യങ്‌ബോയിസിനെ നേരിടും. മറ്റൊരു മല്‍സരത്തില്‍ അറ്റ്‌ലാന്റ വിയ്യാറയലിനെ നേരിടും. യുനൈറ്റഡ് നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതാണ്. വിയ്യാറയല്‍ ഗ്രൂപ്പില്‍ രണ്ടാമതും അറ്റ്‌ലാന്റ മൂന്നാമതും നില്‍ക്കുന്നു. യങ് ബോയിസ് അവസാന സ്ഥാനത്താണ്. വിയ്യാറയല്‍-അറ്റ്‌ലാന്റാ മല്‍സരത്തിലെ വിജയിയാവും നോക്കൗട്ടില്‍ പ്രവേശിക്കുന്ന ഗ്രൂപ്പിലെ രണ്ടാമത്തെ ടീം.