റൊണാള്‍ഡോയുടെ കാറുകള്‍ കൊണ്ടുപോയത് എങ്ങോട്ട് ? താരം ടൂറിന്‍ വിടുമോ
റൊണാള്‍ഡോയുടെ അയല്‍വാസിയാണ് വാര്‍ത്തയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ടൂറിന്‍: സീരി എ കിരീടം നഷ്ടപ്പെട്ട യുവന്റസിന് ചാംപ്യന്‍സ് ലീഗ് യോഗ്യതയും തുലാസിലായതോടെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് കൂടുതല്‍ സാധുത വരുത്തുന്ന റിപ്പോര്‍ട്ടുകളാണ് ടൂറിനില്‍ നിന്നും വരുന്നത്. പോര്‍ച്ചുഗല്‍ താരം റൊണാള്‍ഡോയുടെ ടൂറിനിലെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം ട്രെയലറില്‍ കൊണ്ടുപോയത് താരം സ്ഥിരം ഉപയോഗിക്കുന്ന ഏഴ് ആടംഭരകാറുകളാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് പോര്‍ച്ചുഗല്‍ കാര്‍ഗോ കമ്പനിയുടെ ട്രെയിലര്‍ ടൂറിനിലെ താരത്തിന്റെ വീട്ടില്‍ നിന്നും കാറുകള്‍ കൊണ്ടുപോയത്. റൊണാള്‍ഡോയുടെ അയല്‍വാസിയാണ് വാര്‍ത്തയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
2018ല്‍ താരം റയല്‍ മാഡ്രിഡില്‍ നിന്നും യുവന്റസിലേക്ക് വന്ന ദിവസമാണ് ഇതേ കമ്പനിയുടെ ട്രെയിലര്‍ ടൂറിനില്‍ എത്തിയതെന്നും അയല്‍വാസിയുടെ പോസ്റ്റില്‍ പറയുന്നു. എന്നാല്‍ കാറുകള്‍ ഏത് രാജ്യത്തേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് യുവന്റസോ റൊണാള്‍ഡോയോ വിശദീകരണം നല്‍കിയിട്ടില്ല. അടുത്തിടെ താരം തന്റെ പഴയ ക്ലബ്ബ് സ്‌പോര്‍ട്ടിങ് ലിസ്ബണിലേക്ക് തിരിച്ചുപോവുമെന്ന വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ റോണോയുടെ ഏജന്റ് ഈ വാര്‍ത്ത നിഷേധിച്ചിരുന്നു.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ്, പിഎസ്ജി, ഇന്റര്‍ മിയാമി, മാഞ്ച്‌സറ്റര്‍ സിറ്റി എന്നിവര്‍ക്കെല്ലാം റോണോയോ അടുത്ത സീസണില്‍ തങ്ങള്‍ക്കൊപ്പം ചേര്‍ക്കണമെന്നുണ്ട്. എന്നാല്‍ താരത്തിന്റെ താങ്ങാനാവാത്ത വേതനമാണ് ക്ലബ്ബുകള്‍ക്ക് ബാധ്യതയാവുന്നത്. ചാംപ്യന്‍സ് ലീഗ് മോഹവുമായാണ് റെക്കോഡ് തുകയ്ക്ക് റയലില്‍ നിന്നും യുവന്റസ് റൊണാള്‍ഡോയെ ടൂറിനിലെത്തിച്ചത്. എന്നാല്‍ കഴിഞ്ഞ മൂന്ന് സീസണിലും ചാംപ്യന്‍സ് ലീഗ് യുവന്റസിന് നിരാശയായിരുന്നു നല്‍കിയത്. റെക്കോഡ് വേതനം റോണയ്ക്കും നല്‍കുന്നതിനും യുവന്റസില്‍ അസ്വാരസ്യം നില്‍ക്കുന്നുണ്ട്. മെയ്യ് 23നാണ് യുവന്റസിന്റെ ലീഗിലെ അവസാന മല്‍സരം. ഈ മല്‍സരത്തില്‍ ജയിച്ചാലും മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചാണ് യുവന്റസിന്റെ ചാംപ്യന്‍സ് ലീഗ് യോഗ്യത. ചാംപ്യന്‍സ് ലീഗ് യോഗ്യത ലഭിച്ചാല്‍ മാത്രമേ റോണോ യുവന്റസില്‍ തുടരുകയുള്ളൂ. അല്ലാത്ത പക്ഷം താരം ക്ലബ്ബ് വിടും. ഇറ്റലിയില്‍ റൊണാള്‍ഡോ തുടരുമോ എന്നറിയാന്‍ മെയ്യ് 24 വരെ ആരാധകര്‍ക്ക് ക്ഷമിക്കാം.