യുവന്റസ് സ്വപ്‌നം പാതിവഴിയില്‍; യുനൈറ്റഡിന്റെ മാനസ പുത്രന്റെ കളി ഇനി ഇത്തിഹാദില്‍
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ചിരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ താരം കളിക്കുമോ എന്നതായിരുന്നു ഏവരുടെയും ചിന്ത.
ടൂറിന്‍: ഫുട്‌ബോള്‍ ലോകത്തെ റെക്കോഡുകളില്‍ നിന്ന് റെക്കോഡുകളിലേക്ക് നീങ്ങുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസ് വിടുന്നു. ഇതിഹാസ കോച്ച് പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണ് താരത്തിന്റെ അടുത്ത യാത്ര. കരാറിന്റെ ഔദ്ദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനിവരേണ്ടത്. ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ പിഎസ്ജിയിലേക്കുള്ള വരവ് അപ്രതീക്ഷിതമായിരുന്നു.ബാഴ്‌സയില്‍ തുടരുമെന്ന് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് കറ്റാലന്‍സ് താരത്തിന് തുടരാനാവില്ലെന്ന് അറിയിക്കുന്നതും മെസ്സി പിഎസ്ജിയിലേക്ക് ചേക്കേറുന്നതും. ഈ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ യുവന്റസ് വിടാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ യുവന്റസിന് റൊണാള്‍ഡോയുടെ വേതനം വലിയ തലവേദനയായിരുന്നു. ഇതേ തുടര്‍ന്ന് ക്ലബ്ബ് വിടാന്‍ അവര്‍ താരത്തിന് അനുവാദവും നല്‍കിയിരുന്നു.
എന്നാല്‍ പിഎസ്ജിയിലേക്ക് ചേക്കേറാന്‍ കൊതിച്ച് നില്‍ക്കവെയാണ് മെസ്സിയുടെ വരവ്. ഇതോടെ റോണോയുടെ സ്വപ്‌നം പാതിവഴിയിലാവുകയായിരുന്നു. എന്നാല്‍ അടുത്തിടെ താരം യുവന്റസ് വിടില്ലെന്ന് അറിയിച്ചിരുന്നു. അതിനിടെ കഴിഞ്ഞ ദിവസമാണ് ഏവരെയും ഞെട്ടിച്ച് കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി റോണയ്ക്കായി രംഗത്ത് വരുന്നതും ചര്‍ച്ചകള്‍ അതിവേഗം തുടരുന്നത്. താരം സിറ്റിയിലേക്കുള്ള വരവ് ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ലോക മാധ്യമങ്ങളെല്ലാം താരത്തിന്റെ സിറ്റിയിലേക്കുള്ള വരവ് ഉറപ്പിച്ചു കഴിഞ്ഞു. കോച്ച് പെപ്പ് ഗ്വാര്‍ഡിയോളയുമായി റോണോ ഫോണില്‍ ചര്‍ച്ചയും നടത്തിയിരുന്നു.എന്നാല്‍ റോണോ പ്രതികരണവുമായി മുന്നോട്ട് വരാത്തതും ശ്രദ്ധേയമാണ്.
2018ലാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടുന്നത്. നാല് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളാണ് താരം ക്ലബ്ബിനൊപ്പം നേടിയത്. രണ്ട് ലീഗ് കിരീടവും മൂന്ന് ക്ലബ്ബ് ലോകകപ്പുമായാണ് താരം റയല്‍ വിട്ടത്. ചാംപ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്‌നവുമായാണ് താരത്തെ യുവന്റസ് റാഞ്ചിയത്. എന്നാല്‍ ചാംപ്യന്‍സ് ലീഗില്‍ താരത്തിന് കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. രണ്ട് ഇറ്റാലിയന്‍ സീരി എ കിരീടം മാത്രമാണ് താരത്തിന് നേടാനായത്. പോരാത്തതിന് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ സീസണില്‍ യുവന്റസിന് ലീഗ് കിരീടവും നഷ്ടപ്പെട്ടു. ഇതോടെയാണ് യുവന്റസിന് റോണോയില്‍ വിശ്വാസം നഷ്ടപ്പെട്ടത്. വ്യക്തിഗതാ നേട്ടങ്ങള്‍ മാത്രമാണ് താരത്തിന്റെ ലക്ഷ്യമെന്ന് നിരവധി ഇറ്റാലിയന്‍ താരങ്ങളും ആരോപിച്ചു. ഇതിന് ശേഷം റൊണാള്‍ഡോയും ക്ലബ്ബ് വിടുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു.
റയല്‍ മാഡ്രിഡ്, പിഎസ്ജി, ലാ ഗ്യാലക്‌സി എന്നിവരും താരത്തിനായി രംഗത്ത് വന്നിരുന്നു. റയലിലേക്ക് തിരിച്ചു പോക്ക് ഉണ്ടാവില്ലെന്ന് താരം തന്നെ അറിയിച്ചിരുന്നു. ഇതിനിടെ തന്റെ മുന്‍ ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡും ക്രിസ്റ്റിയാനോയ്ക്കായി രംഗത്ത് വന്നു. ചിത്രത്തില്‍ ഇല്ലാത്ത ക്ലബ്ബ് ആയിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി. എന്നാല്‍ പെട്ടെന്നാണ് അവര്‍ മുന്നിലേക്ക് വരുന്നത്. നേരത്തെ മെസ്സിയ്ക്കായും അവര്‍ വലവിരിച്ചിരുന്നു. ആസ്റ്റണ്‍ വില്ലയുടെ ഗ്രീലിഷിനെ സ്വന്തമാക്കിയ സിറ്റി കഴിഞ്ഞ ദിവസമാണ് ഹാരി കെയ്‌നിന്റെ ഡീലില്‍ നിന്നും പിന്‍മാറുന്നത്.
പിന്നീട് യൂറോപ്പ്യന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത് നീലയണിഞ്ഞ റോണോയുടെ ചിത്രങ്ങളാണ്. കരിയര്‍ ബ്രേക്ക് ലഭിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ചിരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ താരം കളിക്കുമോ എന്നതായിരുന്നു ഏവരുടെയും ചിന്ത. ചുവപ്പണിഞ്ഞ റോണോയെ നീലയണിഞ്ഞു കാണാന്‍ യുനൈറ്റഡ് ആരാധകര്‍ക്ക് മാത്രമല്ല ലോക ഫുട്‌ബോള്‍ പ്രേമികള്‍ക്കും പെട്ടെന്ന് സ്വീകാര്യമാവില്ല. എന്നാല്‍ ലിസ്ബണിന്റെ പുത്രന് നേട്ടങ്ങള്‍ മാത്രമാണ് ലക്ഷ്യം. പ്രായം 36 ആണെങ്കിലും 18ന്റെ ചുറുചുറിക്കില്‍ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ റോണോ പന്ത് തട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.