ഇന്ത്യയില്‍ ഇനി ഫുട്‌ബോള്‍ ആരവം; ഡ്യുറന്റ് കപ്പിന് ചൊവ്വാഴ്ച തുടക്കം
കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മല്‍സരം ഈ മാസം 19ന് സുദേവാ എഫ് സിക്കെതിരേയാണ്.
കൊല്‍ക്കത്ത: ഇന്ത്യയിലെ ആഭ്യന്തര ഫുട്‌ബോള്‍ സീസണിന് ചൊവ്വാഴ്ച തുടക്കമാവും. ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റായ ഡ്യുറന്റ് കപ്പോടെയാണ് സീസണിന് തുടക്കമാവും. ഈ സീസണ്‍ മുതല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എല്ലാ ക്ലബ്ബുകളും ഡ്യുറന്റ് കപ്പില്‍ കളിക്കുന്നവെന്ന പ്രത്യേകതയുണ്ട്. ഇന്ത്യയിലെ ആഭ്യന്തര ഫുട്‌ബോളിന്റെ ദൈര്‍ഘ്യം കൂട്ടുന്നതിന്റെ ഭാഗമായാണ് ഡ്യുറന്റ് കപ്പിന്റെയും കാലവധി നീട്ടിയത്. ഈ വരുന്ന ചൊവ്വാഴ്ചയാണ് ഡ്യുറന്റ് കപ്പിന് തുടക്കമാവുന്നത്. ഡ്യുറന്റ് കപ്പിന്റെ 131ാമത്തെ എഡിഷനാണ് തുടക്കമാവുന്നത്. 1988ലാണ് ഡ്യുറന്റ് കപ്പ് ആദ്യമായി നടന്നത്.
20 ടീമുകളാണ് ഇത്തവണ ഡ്യുറന്റ് കപ്പില്‍ മാറ്റുരയ്ക്കുക.ഐഎസ്എല്‍ ക്ലബ്ബുകള്‍ കൂടി വന്നതോടെ ടൂര്‍ണ്ണമെന്റ് പൊടിപൊടിക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. നാല് ഗ്രൂപ്പുകളില്‍ അഞ്ച് ടീമുകള്‍ വീതം മാറ്റുരയ്ക്കും.ഐഎസ്എല്ലിലെ 11 ടീമുകള്‍, ഐ ലീഗിലെ അഞ്ച് ടീമുകള്‍, ഇന്ത്യന്‍ സായുധ സേനയിലെ നാല് ടീമുകളുമാണ് പങ്കെടുക്കുന്നത്.
ഗ്രൂപ്പ് എ: ജംഷഡ്പൂര്‍ എഫ് സി, ബെംഗളൂരു എഫ് സി, മുഹമ്മദന്‍ എഫ് സി, ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് എഫ് ടി.
ഗ്രൂപ്പ് ബി: ഇമാമി ഈസ്റ്റ് ബംഗാള്‍, എടികെ മോഹന്‍ ബഗാന്‍, മുംബൈ സിറ്റി എഫ് സി, രാജസ്ഥാന്‍ യുനൈറ്റഡ്, ഇന്ത്യന്‍ നേവി എഫ് ടി.
ഗ്രൂപ്പ് സി: നെറോക്കാ എഫ് സി, ട്രാവു, ഹൈദരാബാദ് എഫ് സി, ചെന്നൈയിന്‍ എഫ് സി, ആര്‍മി റെഡ് എഫ് ടി.
ഗ്രൂപ്പ് ഡി: ഒഡീഷാ എഫ് സി, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സി, കേരളാ ബ്ലാസ്റ്റേഴ്‌സ്, സുദേവാ എഫ് സി, ആര്‍മി ഗ്രീന്‍ എഫ് ടി.
മൂന്ന് വേദികളിലായാണ് ടൂര്‍ണ്ണമെന്റ് നടക്കുക. വെസ്റ്റ് ബംഗാള്‍, ആസം, മണിപ്പൂര്‍ എന്നിവടങ്ങളിലെ മല്‍സരം. ഈ മാസം 28നാണ് ആരാധകര്‍ കാത്തിരിക്കുന്ന കൊല്‍ക്കത്താ ഡെര്‍ബി. കഴിഞ്ഞ തവണ മുഹമ്മദന്‍ സ്‌പോര്‍ട്ടിങിനെ വീഴ്ത്തിയാണ് ഗോവ കിരീടം ചൂടിയത്. ഏറ്റവും കൂടുതല്‍ കിരീടം നേടിയത് ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനുമാണ്.
കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മല്‍സരം ഈ മാസം 19ന് സുദേവാ എഫ് സിക്കെതിരേയാണ്. 2.30, 3.00, 7.00, 8.00 എന്നീ വ്യത്യസ്ത സമയങ്ങളിലായാണ് മല്‍സരം. സ്‌പോര്‍ട്‌സ് 18നാണ് ഡ്യുറന്റ് കപ്പിന്റെ സംപ്രേക്ഷണ അവകാശം. ജിയോ ടിവിയിലും ഒടിടി ആപ്പുകളിലും ഓണ്‍ലൈനായി മല്‍സരം കാണാം.