ടെന്നിസ് ക്വാര്‍ട്ടിലെ റെക്കോഡുകളുടെ തോഴിക്ക് ഇന്ന് 52ാം ജന്‍മദിനം

തുടര്‍ച്ചയായ ഏഴ് വര്‍ഷം ടെന്നിസ് റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് താരം തുടര്‍ന്നു.

Update: 2021-06-14 14:44 GMT


ബെര്‍ലിന്‍: 17 വര്‍ഷത്തോളം വനിതാ ടെന്നിസ് ലോകത്ത് റെക്കോഡുകളുമായി പാറിപറന്ന സ്റ്റെഫി ഗ്രാഫിന് ഇന്ന് 52ാം ജന്‍മദിനം. ലോക ടെന്നിസിലെ അപൂര്‍വ്വ റെക്കോഡുകളുമായാണ് സ്റ്റെഫി ഗ്രാഫ് എന്ന ജര്‍മ്മന്‍ താരം വിലസിയത്. 1982 മുതലാണ് ലോക ടെന്നിസിലേക്ക് സ്‌റ്റെഫി കാലെടുത്ത് വച്ചത്. പിതാവ് പീറ്റര്‍ ഗ്രാഫ് തന്നെയാണ് ഏറെക്കാലം സ്റ്റെഫിയെ പരിശീലിപ്പിച്ചത്. ചുരുങ്ങിയ കാലം മാത്രമാണ് ടെന്നിസ് ക്വാര്‍ട്ടിലെ നിലവിലെ വനിതാ താരങ്ങള്‍ക്ക് നിലനില്‍ക്കാന്‍ കഴിയുന്നൂള്ളൂ.എന്നാല്‍ സ്‌റ്റെഫിയെന്ന താരം 17 വര്‍ഷത്തോളമാണ് ടെന്നിസ് ക്വാര്‍ട്ടിലെ മഹാരാഞ്ജിയായി വളര്‍ന്നത്.

1990-99 ആയിരുന്നു താരത്തിന്റെ സുവര്‍ണ്ണ കാലഘട്ടം. 1999ലാണ് താരം ടെന്നിസ് ക്വാര്‍ട്ടില്‍ നിന്നും വിരമിച്ചത്. വനിതാ റാങ്കിങില്‍ ഏറ്റവും കൂടുതല്‍ കാലം ഒന്നാം സ്ഥാനം നിലനിര്‍ത്തിയ താരമെന്ന റെക്കോഡ് സ്‌റ്റെഫിയുടെ പേരില്‍ തകര്‍ക്കപ്പെടാതെ കിടക്കുകയാണ്. തുടര്‍ച്ചയായ ഏഴ് വര്‍ഷം ടെന്നിസ് റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് താരം തുടര്‍ന്നു. ഒരു പുരുഷതാരത്തിനും ഈ റെക്കോഡ് തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.


സ്‌റ്റെഫിയെന്ന എന്ന അത്‌ലറ്റിന്റെ കരിയറിലെ മികച്ച നേട്ടങ്ങളിലേക്ക് കണ്ണോടിക്കാം. 22 ഗ്രാന്‍സ്ലാം കിരീടങ്ങളാണ് സ്‌റ്റെഫി തന്റെ അക്കൗണ്ടിലാക്കിയത്. ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം നേടിയ ഓസ്‌ട്രേലിയയുടെ മാര്‍ഗ്രറ്റ് കോര്‍ട്ട് (24), നിലവിലെ ലോക എട്ടാം നമ്പര്‍ അമേരിക്കയുടെ സെറീനാ വില്ല്യംസ് (23) എന്നിവരാണ് സ്റ്റെഫിക്ക് മുന്നിലുള്ളവര്‍. നാല് ഗ്രാന്‍സ്ലാമും ഒളിംപിക്‌സില്‍ സ്വര്‍ണ്ണവും നേടി 1988ല്‍ ഗോള്‍ഡന്‍ സ്ലാം നേടാനും ജര്‍മ്മന്‍ സുന്ദരിക്കായിരുന്നു. നാല് തവണ നാല് ഗ്രാന്‍സ്ലാം കിരീടം നേടിയ അപൂര്‍വ്വ റെക്കോഡും സ്‌റ്റെഫിയുടെ പേരിലാണ്. കൂടാതെ അഞ്ച് തവണ മൂന്ന് ഗ്രാന്‍സ്ലാം കിരീടം നേടിയ റെക്കോഡ് മാര്‍ഗറ്റ് കോര്‍ട്ടിനൊപ്പം സ്റ്റെഫിയും കരസ്ഥമാക്കിയിരുന്നു.


ഏറ്റവും അധികം സിംഗിള്‍സ് കിരീടം നേടിയ താരങ്ങളില്‍ ജര്‍മ്മന്‍ താരത്തിന്റെ സ്ഥാനം മൂന്നാമതാണ്. 167 കിരീടങ്ങള്‍ കരസ്ഥമാക്കിയ ചെക്ക്-അമേരിക്കന്‍ താരം മാര്‍ട്ടിനാ നവരത്‌നലോവ, 154 കിരീടം നേടിയ ക്രിസ് എവെര്‍ട്ട് എന്നിവരാണ് സ്‌റ്റെഫിക്ക് മുന്നിലുള്ളത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച വനിതാ ടെന്നിസ് താരമെന്ന ബഹുമതിയും സ്റ്റെഫി നേടിയിട്ടുണ്ട്. മൂന്നാം റാങ്കിങില്‍ നില്‍ക്കവെ ആയിരുന്നു താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

ടോപ് സീഡില്‍ നില്‍ക്കുമ്പോഴുള്ള താരത്തിന്റെ വിടവാങ്ങള്‍ ടെന്നിസ് ലോകത്തിന് തന്നെ ഞെട്ടലുളവാക്കിയിരുന്നു. വിരമിക്കലിന് ശേഷം 2001 ല്‍ ടെന്നിസ് ഇതിഹാസമായ ആേ്രന്ദ അഗാസിയെ സ്റ്റെഫി വിവാഹം ചെയ്തു.ജാഡന്‍ ഗില്‍ അഗാസിയും ജാസ് എലേ അഗാസിയുമാണ് മക്കള്‍. ഒന്നോ രണ്ടോ ഗ്രാന്‍സ്ലാം കിരീടം നേടി ഫോം നഷ്ടപ്പെട്ട് ടെന്നിസ് ലോകത്ത് നിന്നും അപ്രത്യക്ഷമാവുന്ന ഈ പതിറ്റാണ്ടിലെ വനിതാ താരങ്ങള്‍ക്ക് മുന്നില്‍ സ്റ്റെഫിയും മാര്‍ഗരറ്റും മാര്‍ട്ടിനയും അപൂര്‍വ്വ രത്‌നങ്ങളാണ്.




Tags:    

Similar News