കൊച്ചിയില്‍ ഇന്ന് ഐഎസ്എല്‍ കിക്കോഫ്; കൊമ്പന്‍മാര്‍ ഈസ്റ്റ് ബംഗാളിനെതിരേ
ഈസ്റ്റ് ബംഗാള്‍ പ്രതീക്ഷ ബ്രസീലിയന്‍ കരുത്തിലാണ്.
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2022-23 സീസണിന് ഇന്ന് തുടക്കം.ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ റണ്ണേഴ്‌സ് അപ്പായ കേരളാ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും. രാത്രി 7.30ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മല്‍സരം. കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹോം ഗ്രൗണ്ടില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. കോച്ച് ഇവാന്‍ വുകമാനോവിച്ചിന് കീഴില്‍ ബ്ലാസ്‌റ്റേഴ്‌സ് തികഞ്ഞ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ സൂപ്പര്‍ ഫോമില്‍ കുതിച്ച് ഒടുവില്‍ കൈയ്യെത്തും ദൂരത്ത് കിരീടം നഷ്ടപ്പെട്ട മഞ്ഞപ്പടയ്ക്ക് ഇക്കുറി കിരീടത്തില്‍ കുറഞ്ഞ പ്രതീക്ഷകളില്ല.ആദ്യമല്‍സരം ജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ്.
എതിരാളി ഈസ്റ്റ് ബംഗാളാണെന്ന് കരുതി കൊമ്പന്‍മാര്‍ക്ക് ആശ്വസിക്കാന് വകയില്ല.തകര്‍പ്പന്‍ ടീമുമായാണ് ഈസ്റ്റ് ബംഗാള്‍ വരുന്നത്. മുന്‍ ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോന്‍സ്റ്റാന്റിനെയാണ് ഈസ്റ്റ് ബംഗാളിനെ ഇത്തവണ പരിശീലിപ്പിക്കുന്നത്.
കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ തുരുപ്പ് ചീട്ടുകളായ ആല്‍വാരോ വാസ്‌ക്വസ്(എഫ് സി ഗോവ), ജോര്‍ജ്ജ് പെരേര ഡയസ്സ്(മുംബൈ സിറ്റി) എന്നിവരില്ലാതെയാണ് ഇത്തവണ ഇറങ്ങുന്നത്. എന്നാല്‍ ഇവര്‍ക്കു തുല്യമായ താരങ്ങളെ പുതിയ സീസണിലേക്കായി ബ്ലാസ്റ്റേഴ്‌സ് ഇറക്കിയിട്ടുണ്ട്. അപ്പോസ്‌തോലോസ് ജിയാനോ, ദിമിത്രിയോസ് ഡയമന്റകോസ്, വിക്ടര്‍ മൊഗില്‍, ഇവാന്‍ കലിയൂഷ്ണി, ബ്രൈസ് റിമാന്‍ഡ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ സീസണിലെ വിദേശ താരങ്ങള്‍.
മലയാളി താരം സഹല്‍, ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്. എങ്കിലും ഇരുവരും പൂര്‍ണ്ണ ഫിറ്റാണെന്ന് കോച്ച് വ്യക്തമാക്കി.മറ്റൊരു മലയാളി താരമായ കെ പി രാഹുലും ഈ സീസണില്‍ തിളങ്ങുമെന്നാണ് കോച്ചിന്റെ കണ്ടെത്തല്‍. മധ്യനിരയില്‍ അഡ്രിയാന്‍ ലൂണ തന്നെയായിരിക്കും നിയന്ത്രണം ഏറ്റെടുക്കുക.ബ്ലാസ്‌റ്റേഴസ് പ്രതിരോധം കാക്കുക ലെസ്‌കോവിച്ച്, ഹോര്‍മിപാം, ജെസല്‍ കര്‍ണെയ്‌റോ, ഹര്‍മന്‍ജോത് ഖബ്ര എന്നിവരായിരിക്കും.
ഈസ്റ്റ് ബംഗാള്‍ പ്രതീക്ഷ ബ്രസീലിയന്‍ കരുത്തിലാണ്. ബ്രസീലിയന്‍ താരങ്ങളായ ക്ലെയ്റ്റന്‍ സില്‍വ, എലിയാന്‍ഡ്ര, അലക്‌സ് ലിമ, ഓസ്‌ട്രേലിയന്‍ താരം ജോര്‍ദ്ദന്‍ ദോഹര്‍ത്തി എന്നിവരെ മഞ്ഞപ്പട ഭയക്കേണ്ടതുണ്ട്. ഈസ്റ്റ് ബംഗാള്‍ പ്രതിരോധം കാക്കാന്‍ സ്‌പെയിനിന്റെ ഇവാന്‍ ഗോണ്‍സാലസും സ്‌പ്രൈസിന്റെ കാരിസ് കിര്യാമൗവും ഉണ്ട്.മലയാളി താരം വി പി സുഹൈര്‍ ഈസ്റ്റ് ബംഗാളിന്റെ ഇത്തവണത്തെ പ്രതീക്ഷയാണ്.
ബ്ലാസ്‌റ്റേഴ്‌സ് ടീം: ഗോള്‍കീപ്പര്‍മാര്‍: പ്രഭ്സുഖന്‍ ഗില്‍, കരണ്‍ജിത് സിങ്, മുഹീത് ഷാബിര്‍ ഖാന്‍, സച്ചിന്‍ സുരേഷ്. പ്രതിരോധനിര: വിക്ടര്‍ മോംഗില്‍, മാര്‍കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം റുയ്വ, സന്ദീപ് സിങ്, ബിജോയ് വര്‍ഗീസ്, നിഷു കുമാര്‍, ജെസെല്‍ കര്‍ണെയ്റോ, ഹര്‍മന്‍ജോത് ഖബ്ര. മധ്യനിര: ജീക്സണ്‍ സിങ്, ഇവാന്‍ കലിയുസ്നി, ലാല്‍തംഗ ഖാല്‍റിങ്, ആയുഷ് അധികാരി, സൗരവ് മണ്ഢല്‍, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുസമദ്, ബ്രൈസ് മിറാന്‍ഡ, വിബിന്‍ മോഹനന്‍, നിഹാല്‍ സുധീഷ്, ഗിവ്സണ്‍ സിങ്. മുന്നേറ്റ നിര: ദിമിട്രിയോസ് ഡയമന്റകോസ്, രാഹുല്‍ കെ.പി, അപ്പോസ്തോലോസ് ജിയാനോ, ബിദ്യാഷാഗര്‍ സിങ്, ശ്രീക്കുട്ടന്‍ എം.എസ്.