ചാംപ്യന്‍സ് ലീഗില്‍ ഇന്ന് സലാഹ്-ബെന്‍സിമാ പോരാട്ടം; ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന് കണക്ക് തീര്‍ക്കണം
ലിവര്‍പൂള്‍ മുന്നേറ്റ നിരയില്‍ ഡാര്‍വിന്‍ ന്യൂനസ്, കോഡി ഗാപ്‌കോ സഖ്യം ഇറങ്ങും.
ആന്‍ഫീല്‍ഡ്: ചാംപ്യന്‍സ് പ്രീക്വാര്‍ട്ടറില്‍ ഇന്ന് മറ്റൊരു സൂപ്പര്‍ പോരാട്ടത്തിന് ആന്‍ഫീല്‍ഡ് വേദിയാവും. കരുത്തരായ ലിവര്‍പൂളും റയല്‍മാഡ്രിഡുമാണ് ഇന്ന് പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തിനായി ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് ഫൈനലിന്റെ തനിയാവര്‍ത്തനമാണ് ഇന്ന് ഇംഗ്ലണ്ടില്‍ നടക്കുന്നത്. അന്ന് റയല്‍ ഒരു ഗോളിന് ലിവര്‍പൂളിനെ കീഴടക്കി അവരുടെ 14ാം ചാംപ്യന്‍സ് ലീഗ് കിരീടം നേടിയിരുന്നു. ഇതിന് പക ചോദിക്കാനാണ് യുര്‍ഗാന്‍ ക്ലോപ്പിന്റെ ശിഷ്യന്‍മാര്‍ ഇന്ന് ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. പ്രീമിയര്‍ ലീഗില്‍ അവസാന രണ്ട് മല്‍സരങ്ങളില്‍ ജയിച്ച് ലിവര്‍പൂള്‍ ഫോം തിരിച്ചുപിടിച്ചിരുന്നു.
റയലാവട്ടെ സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്ക്് തൊട്ടുതാഴെ രണ്ടാം സ്ഥാനത്താണുള്ളത്. ലീഗ് കിരീടം കൈവിടാന്‍ സാധ്യതയുള്ളതിനാല്‍ ചാംപ്യന്‍സ് ലീഗ് തന്നെയാണ് ആന്‍സലോട്ടിയുടെ ശിഷ്യന്‍മാരുടെ ലക്ഷ്യം. രാത്രി 1.30നാണ് മല്‍സരം. കരീം ബെന്‍സിമ പരിക്ക് മാറി തിരിച്ചെത്തിയതാണ് റയലിന്റെ ആശ്വാസം. മധ്യനിരയില്‍ ടോണി ക്രൂസും ചുവാമെനിയും ഇന്നിറങ്ങില്ല. പകരം കാമവിംഗയും സെബായോലും ലൂക്കാ മൊഡ്രിച്ചും നിയന്ത്രണം ഏറ്റെടുക്കും. ലിവര്‍പൂള്‍ മുന്നേറ്റ നിരയില്‍ ഡാര്‍വിന്‍ ന്യൂനസ്, കോഡി ഗാപ്‌കോ സഖ്യം ഇറങ്ങും.