റഫീനാ; ലീഡ്‌സിന്റെ നഷ്ടം; ബാഴ്‌സയുടെ ലാഭം; ബ്രസീലിന്റെ ഭാവി

ലീഡ്‌സ് യുനൈറ്റഡ് എന്ന ക്ലബ്ബിന്റെ നിലനില്‍പ്പ് തന്നെ റഫീനയിലായിരുന്നു.

Update: 2022-07-14 12:51 GMT

2022-23 സീസണിലെ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട താരമാണ് ബ്രസീലിയന്‍ വിങര്‍ റഫീന.ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടാണ് റാഫേല്‍ ഡയസ് ബെല്ലോളി എന്ന റഫീനാ ബാഴ്‌സയിലേക്ക് ചേക്കേറിയത്. നിരവധി ക്ലബ്ബുകളായിരുന്ന താരത്തിനായി ഇത്തവണ വിപണിയിലിറങ്ങിയത്. ചെല്‍സി, ആഴ്‌സണല്‍ എന്നിവരായിരുന്നു ഇവരില്‍ മുന്നില്‍ നിന്നവര്‍. എന്നാല്‍ താരം നേരത്തെ തന്നെ സ്‌പെയിനില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.


ലീഡ്‌സ് യുനൈറ്റഡ് എന്ന ക്ലബ്ബിന്റെ നിലനില്‍പ്പ് തന്നെ റഫീനയിലായിരുന്നു. 2020ലാണ് ഫ്രഞ്ച് ക്ലബ്ബ് റെനീസില്‍ നിന്ന് താരം ലീഡ്‌സിലെത്തുന്നത്. ഈ വര്‍ഷം ചാംപ്യന്‍ഷിപ്പില്‍ നിന്ന് പ്രൊമോഷന്‍ ലഭിച്ചാണ് ലീഡ്‌സ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലേക്ക് എത്തിയത്. തുടര്‍ന്നുള്ള രണ്ട് വര്‍ഷം ലീഡ്‌സിനെ ലീഗില്‍ നിലനിര്‍ത്തിയത് തന്നെ റഫീനയുടെ പ്രകടനത്തിലായിരുന്നു. 17 മില്ല്യണ്‍ യൂറോയ്ക്കാണ് താരം ലീഡ്‌സിലെത്തിയത്. ബാഴ്‌സ വാങ്ങിയതാവട്ടെ 49മില്ല്യണ്‍ യൂറോയ്ക്കും. ലീഡ്‌സിന്റെ ഈ സീസണിലെ വന്‍ നഷ്ടമാണ് റഫീന. റഫീനയ്ക്ക് പകരം കൊളംബിയന്‍ വിങര്‍ ലൂയിസ് സിനിസറ്റെറയെയാണ് ലീഡ്‌സ് ടീമിലെത്തിച്ചത്.


രണ്ട് സീസണുകളിലായി റഫീന 17 ഗോളുകളാണ് നേടിയത്. കഴിഞ്ഞ സീസണില്‍ റഫീനയുടെ ഏഴ് ഗോളുകളും പിറന്നത് ഔട്ട്‌സൈഡ് ബോക്‌സില്‍ നിന്നാണ്. ബഹുമുഖ പ്രതിഭയാണ് റഫീന. വേഗതയും കൃത്യതയും താരത്തിന്റെ മുതല്‍കൂട്ടാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ലീഡ്‌സിലെ സഹതാരങ്ങള്‍ക്കായി റഫീന സൃഷ്ടിച്ചത് 129 അവസരങ്ങളാണ്.


വരുന്ന ലോകകപ്പില്‍ ബ്രസീലിയന്‍ ടീമില്‍ ഇതിനോടകം സ്ഥാനം ഉറപ്പിച്ച താരമാണ് റഫീന. ടീറ്റെയുടെ പ്രത്യേക പരാമര്‍ശം ലഭിക്കുന്ന താരമാണ്. കോച്ച് സാവിക്ക് കീഴില്‍ കഴിഞ്ഞ സീസണില്‍ സ്പാനിഷ് ലീഗില്‍ മികച്ച തിരിച്ച് വരവ് നടത്തിയ ടീമാണ് ബാഴ്‌സലോണ. ചാംപ്യന്‍സ് ലീഗ് യോഗ്യതയും അവര്‍ ഉറപ്പിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ സ്പാനിഷ് കപ്പ് മാത്രമാണ് ബാഴ്‌സയ്ക്ക് നേടാനായത്. സീസണിന്റെ പകുതിയില്‍ നിന്ന് വന്നിട്ടും കോച്ച് സാവിക്ക് കീഴില്‍ ബാഴ്‌സ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ കറ്റാലന്‍സ് ട്രിപ്പിള്‍ കിരീടം മോഹിച്ചാണ് ഇറങ്ങുക. ട്രാന്‍സ്ഫര്‍ വിപണിയില്‍ കാര്യമായി ഇറങ്ങിയിട്ടില്ലെങ്കിലും റഫീനയെ സ്വന്തമാക്കിയതോടെ ബാഴ്‌സയ്ക്ക് പകുതി ആശ്വസിക്കാം. ബാഴ്‌സയുടെ പുതിയ സീസണിലെ പ്രധാന പ്രതീക്ഷയും റഫീനയാണ്. റഫീനയുടെ പ്രായവും ബാഴ്‌സയ്ക്കായി കളിക്കണമെന്ന ആഗ്രഹവും തന്നെയാണ് താരത്തെ അവിടെ എത്തിച്ചത്.




Tags:    

Similar News