ഇന്ത്യയുടെ രണ്ട് ടീമിലും ഇടമില്ലാതെ സഞ്ജു സാംസണ്‍
അതിനിടെ സഞ്ജു രാജസ്ഥാന്‍ റോയല്‍സ് ടീം വിടുന്നതായുള്ള സൂചനയും പുറത്ത് വന്നിട്ടുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റിലെ മലയാളി സാന്നിധ്യമായ സഞ്ജു സാംസണ്‍ന്റെ പ്രകടനം ക്രിക്കറ്റ് ഇതിഹാസങ്ങള്‍ വാഴ്ത്തിയതാണ്. എന്നാല്‍ ഭാഗ്യമില്ലാത്ത താരമാണ് സഞ്ജു. കിട്ടിയ അവസരങ്ങളില്‍ തിളങ്ങാന്‍ സഞ്ജുവിനായിട്ടില്ല. ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ മികച്ച അവസരം ലഭിച്ചിട്ടും താരം നിരാശനാക്കിയിരുന്നു. തുടര്‍ന്ന് താരത്തെ ലോകകപ്പിനുള്ള ടീമിലും ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ദുബയില്‍ അവസാനിച്ച ഐപിഎല്ലില്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ തിളങ്ങിയിരുന്നു. രണ്ടാം പാദത്തില്‍ ടീം ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും സഞ്ജു ക്യാപ്റ്റന്റെ ഇന്നിങ്‌സ് കാഴ്ച വച്ചിരുന്നു. എന്നാല്‍ ന്യൂസിലന്റിനെതിരായ ട്വന്റി-20 പരമ്പരയില്‍ സഞ്ജുവിനെ ബിസിസിഐ വീണ്ടും തഴഞ്ഞു. ഐപിഎല്ലില്‍ തിളങ്ങിയ നിരവധി താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും സഞ്ജുവിന് സ്ഥാനം ലഭിച്ചില്ല.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന മൂന്ന് ചതുര്‍ദിന മല്‍സരങ്ങളുടെ ടീമും കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ഈ ടീമിലും സഞ്ജുവിന് ഇടം നേടാനായില്ല. പ്രിയങ്ക് പഞ്ചലാണ് ടീമിന്റെ ക്യാപ്റ്റന്‍. പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, ദേവ്ദത്ത് പടിക്കല്‍, സര്‍ഫറാസ് ഖാന്‍, ബാബ അപരാജിത് , ഉപേന്ദ്ര യാദവ്, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചാഹര്‍, സൗരഭ് കുമാര്‍, നവ്ദീപ് സെയ്‌നി, ഉമ്രാന്‍ മാലിക്ക്, ഇഷാന്‍ പോറല്‍, അര്‍സാന്‍ നാഗ്വല്ല എന്നിവരെല്ലാം ടീമില്‍ ഇടം നേടിയപ്പോള്‍ പരിചയസമ്പന്നനായ സഞ്ജുവിനെ വീണ്ടും തഴയുകയായിരുന്നു.
ബിസിസിഐയുടെ നടപടിക്കെതിരേ സഞ്ജു മൗനമായി പ്രതികരിക്കുകയും ചെയ്തു. അടുത്ത കാലത്തെ മികച്ച മൂന്ന് ഫീല്‍ഡിങ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്തായിരുന്നു താരത്തിന്റെ പ്രതിഷേധം.
അതിനിടെ സഞ്ജു രാജസ്ഥാന്‍ റോയല്‍സ് ടീം വിടുന്നതായുള്ള സൂചനയും പുറത്ത് വന്നിട്ടുണ്ട്. ഇന്‍സ്റ്റയില്‍ താരം രാജസ്ഥാന്‍ റോയല്‍സിനെ അണ്‍ഫോളോ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ വരുന്ന സീസണിലും സഞ്ജു ടീമിനൊപ്പം തുടരാനാണ് ടീമിന്റെ ആഗ്രഹമെന്ന് റോയല്‍സ് അറിയിച്ചിട്ടുണ്ട്. ടീമിനെ അണ്‍ഫോളോ ചെയ്തതിന്റെ വിവരങ്ങള്‍ ലഭ്യമല്ലെന്നും ടീം അറിയിച്ചു. സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.രാജസ്ഥാനെ അണ്‍ഫോളോ ചെയ്ത സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഫോളോ ചെയ്തിട്ടുണ്ട്. നിലവിലെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്ര സിങ് ധോണി അടുത്ത സീസണില്‍ ചെന്നൈക്കൊപ്പം ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. വിക്കറ്റ് കീപ്പിങില്‍ മികച്ച പരിചയസമ്പത്തും നേട്ടങ്ങളും സ്വന്തമാക്കിയ സഞ്ജുവാണ് ചെന്നൈ നിരയിലേക്ക് ധോണിക്ക് പകരം വരാന്‍ സാധ്യതയുള്ള താരം. നിലവില്‍ സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിക്കുന്നത് സഞ്ജു ആണ്. കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ടൂര്‍ണ്ണമെന്റില്‍ കേരളം പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു.