ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന് ഇന്ന് കൊട്ടിക്കലാശം; പ്രതീക്ഷയോടെ ടീമുകള്‍
ലീഗിലെ എല്ലാ മല്‍സരവും രാത്രി 8.30ന് തുടങ്ങും.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന്റെ 2021-22 സീസണിന് ഇന്ന് അവസാനം. 38ാം റൗണ്ട് മല്‍സരത്തോടെയാണ് ലീഗിന് പരിസമാപ്തി. 10 മല്‍സരങ്ങള്‍ക്കാണ് ഇന്ന് ഇംഗ്ലണ്ട് സാക്ഷ്യം വഹിക്കുക. ആകാംശയുടെയും പ്രതീക്ഷയുടെയും ചില ടീമുകളുടെ കണ്ണീരിനും ഇംഗ്ലണ്ടിലെ 10 സ്റ്റേഡിയങ്ങള്‍ സാക്ഷ്യം പറയും. ഏവരും ഉറ്റുനോക്കുന്നത് കിരീടം ആരുടെ കൈകളിലേക്കെന്നാണ്.ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളുമാണ് കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്. 90 പോയിന്റുമായി സിറ്റി ഒന്നാം സ്ഥാനത്തും 89 പോയിന്റുമായി ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തുമാണ്.
സിറ്റിയുടെ ഇന്നത്തെ എതിരാളി 14ാം സ്ഥാനത്തുള്ള ആസ്റ്റണ്‍ വില്ലയാണ്. ആസ്റ്റണ്‍ വില്ലയോട് സിറ്റി തോല്‍ക്കുകയും ലിവര്‍പൂള്‍ വോള്‍വ്‌സിനോട് ജയിക്കുകയും ചെയ്താല്‍ കിരീടം ചെമ്പടയുടെ കൈകളിലെത്തും. സിറ്റി വില്ലയോട് ജയിച്ചാല്‍ കിരീടം ബ്ലൂസിന് സ്വന്തം. സിറ്റി തോല്‍ക്കുകയും ലിവര്‍പൂള്‍ വോള്‍വ്‌സിനോട് സമനില വഴങ്ങുകയും ചെയ്താല്‍ ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്താല്‍ വിജയിയെ പ്രഖ്യാപിക്കും.ഗോള്‍ ശരാശരിയും തുല്യമായാല്‍ ഇരുവരും തമ്മില്‍ ഒരു മല്‍സരം നടന്നേക്കും. ലീഗിലെ എല്ലാ മല്‍സരവും രാത്രി 8.30ന് തുടങ്ങും.
കിരീടത്തിന് പുറമെ ഏവരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു മല്‍സരം ചാംപ്യന്‍സ് ലീഗ് യോഗ്യത നേടുന്ന നാലാമത്തെ ടീമിനെയാണ്. നിലവില്‍ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി എന്നിവര്‍ക്ക് യോഗ്യത ലഭിച്ചു. നാലാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമോ അഞ്ചാം സ്ഥാനത്തുള്ള ആഴ്‌സണലോ ആയിരിക്കും ഈ ഒരു ടീം. സ്പര്‍സിന് 68ഉം ആഴ്‌സണലിന് 66 ഉം പോയിന്റാണുള്ളത്. ടോട്ടന്‍ഹാമിന്റെ എതിരാളി ലീഗില്‍ നിന്ന് പുറത്തായ നോര്‍വിച്ചാണ്. നോര്‍വിച്ചിനോട് അനായാസം ജയിച്ച് ടോട്ടന്‍ഹാം നാലാം സ്ഥാനത്ത് നിലയുറപ്പിക്കാനാണ് സാധ്യത.ആഴ്‌സണലിന്റെ എതിരാളി എവര്‍ട്ടണ്‍ ആണ്. ആഴ്‌സണലിന് ജയിച്ചാല്‍ മാത്രം പോര. ടോപ് ഫോറിലെത്തണമെങ്കില്‍ ടോട്ടന്‍ഹാം പരാജയപ്പെടുകയും വേണം.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ എതിരാളി ക്രിസ്റ്റല്‍ പാലസാണ്. പാലസിനോട് തോറ്റാല്‍ യുനൈറ്റഡിന്റെ യൂറോപ്പാ ലീഗ് യോഗ്യതയും തുലാസിലാവും. വെസ്റ്റ്ഹാം ജയിക്കുകയും യുനൈറ്റഡ് തോല്‍ക്കുകയും ചെയ്താല്‍ അവര്‍ക്ക് ഏഴാം സ്ഥാനം കൊണ്ടേ തൃപ്തിപ്പെടാനാവൂ.
റെലഗേഷന്‍ സോണിലേക്ക് വരുമ്പോള്‍ ബേണ്‍ലിയോ ലീഡ്‌സോ പുറത്താവും. ഇരുവര്‍ക്കും 35 പോയിന്റ് വീതമാണുള്ളത്. ബേണ്‍ലിയുടെ എതിരാളി ന്യൂകാസില്‍ യുനൈറ്റഡാണ്. ലീഡ്‌സിന്റെ എതിരാളി ബ്രന്റ്‌ഫോഡാണ്. ഇരുവരും തോല്‍ക്കുന്ന പക്ഷം ഗോള്‍ ശരാശരിയില്‍ പിന്നിലുള്ള ടീം പുറത്താവും. നോര്‍വിച്ചും വാറ്റ്‌ഫോഡും നേരത്തെ പുറത്തായതാണ്.