ചാംപ്യന്‍സ് ലീഗ് പ്ലേ ഓഫില്‍ തീപ്പാറും പോരാട്ടം; റയലും മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍

Update: 2025-01-31 14:42 GMT
ചാംപ്യന്‍സ് ലീഗ് പ്ലേ ഓഫില്‍ തീപ്പാറും പോരാട്ടം; റയലും മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് പ്ലേഓഫ് ഘട്ടത്തില്‍ ക്ലാസ്സിക്ക് മല്‍സരങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നു.നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡും മുന്‍ വര്‍ഷത്തെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീപാറും പോരാട്ടം നടക്കും. ഇത് തുടര്‍ച്ചയായ നാലാം വട്ടമാണ് നോക്കൗട്ട് റൗണ്ടില്‍ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍ വരുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയെ റയല്‍ മാഡ്രിഡ് വീഴ്ത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകത്തിലാവും പ്ലേഓഫിലെ റയലിന് എതിരായ ആദ്യ പാദ മത്സരം. രണ്ടാം പാദം ബെര്‍ണാബ്യുവിലും. 12 വര്‍ഷത്തിന് ശേഷം ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടിലെത്തിയ സ്‌കോട്ടിഷ് ചാംപ്യന്മാരായ സെല്‍റ്റിക് ആറ് വട്ടം യൂറോപ്യന്‍ ചാംപ്യന്മാരായ ബയേണിനെ നേരിടും. ബ്രെസ്റ്റ് ആണ് ലീഗ് വണ്‍ വമ്പന്മാരായ പിഎസ്ജിയുടെ എതിരാളികള്‍. മൊണാക്കോ ബെന്‍ഫിക്കയേയും സ്‌പോര്‍ട്ടിങ് സിപി കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനേയും നേരിടും.

അടുത്ത മാസമാണ് പ്ലേഓഫ് മത്സരങ്ങള്‍. ജയിക്കുന്ന ടീമുകള്‍ പ്രീക്വാര്‍ട്ടറിലേക്ക് എത്തും. ഇവിടെ ലീഗ് ഘട്ടത്തില്‍ ടോപ്പില്‍ എത്തിയ ലിവര്‍പൂള്‍, ബാഴ്‌സലോണ, ആഴ്‌സണല്‍, ഇന്റര്‍ മിലാന്‍, അത്‌ലറ്റികോ മാഡ്രിഡ്, ലെവര്‍കുസെന്‍, ആസ്റ്റണ്‍ വില്ല എന്നീ ടീമുകളെ നേരിടും.





Tags:    

Similar News