മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധമെന്ന് ആരോപണം; ഫ്രഞ്ച് മന്ത്രിക്കെതിരേ കരീം ബെന്‍സിമ കോടതിയില്‍

ദേശീയ ഗാനം ആലപിക്കാന്‍ ബെന്‍സിമ വിസമ്മതിച്ചതും മുമ്പ് വിവാദമായിരുന്നു.

Update: 2023-10-21 05:14 GMT

റിയാദ്: തനിക്ക് മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്നാരോപിച്ച ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡര്‍മാനിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങി മുന്‍ ഫ്രഞ്ച് താരവും റയല്‍ മാഡ്രിഡ് ഇതിഹാസ താരവുമായ കരീം ബെന്‍സിമ. ദിവസങ്ങള്‍ക്ക് മുമ്പ് ബെന്‍സിമ ഫലസ്തീന് പിന്തുണ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഡര്‍മാനിന്‍ ഇത്തരത്തിലുള്ള ആരോപണം അല്‍ ഇത്തിഹാദ താരം കൂടിയായ ബെന്‍സിമയ്‌ക്കെതിരേ ആരോപിച്ചത്. ബെന്‍സിമ മുസ്ലിം ബ്രദര്‍ഹുഡുമായാണ് ബന്ധം പുലര്‍ത്തുന്നതെന്നും തീവ്രവാദ ബന്ധമുള്ള ഗ്രൂപ്പാണ് അതെന്നുമാണ് ഡര്‍മാനിന്‍ ആരോപിച്ചിരിക്കുന്നത്. തുടര്‍ന്നാണ് ബെന്‍സിമ ഡര്‍മാനിനെതിരേ കേസ് നല്‍കുമെന്ന് അറിയിച്ചത്.

സൂപ്പര്‍താരം ബെന്‍സിമ സൗദി അറേബ്യയിലേക്ക് ചേക്കേറിയതിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ താരത്തെ തേടി എത്തിയിരുന്നു. ഈ വര്‍ഷമാണ് താരം സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ നിന്ന് സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ഇത്തിഹാദിലേക്ക് കൂട് മാറിയത്. സൗദിയിലെത്തിയതിന് ശേഷം ബെന്‍സിമ അറേബ്യന്‍ രാജ്യത്തെ സംസ്‌കാരത്തെ പ്രശംസിച്ച് സംസാരിച്ചിരുന്നു. മുസ്‌ലിങ്ങളുടെ പുണ്യ ഭൂമിയില്‍ താമസിക്കുന്നത് വലിയ സമാധാനം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബോംബുകള്‍ക്ക് കീഴില്‍ ജീവിക്കുന്ന ഒരു സാധാരണ ജനവിഭാഗത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് ഹമാസിന്റെ പ്രചാരണമോ തീവ്രവാദത്തിന് കൂട്ടുനില്‍ക്കലോ സഹകരണ പ്രവര്‍ത്തനമോ അല്ലെന്ന് ബെന്‍സിമയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ഹമാസിന്റെ ഇസ്രായേല്‍ ആക്രമണത്തെ താരം അപലപിച്ചില്ലെന്നും മന്ത്രി ചൂണ്ടികാട്ടിയിരുന്നു. നേരത്തെ ഫ്രാന്‍സില്‍ നിന്നും ബെന്‍സിമ നിരവധി തവണ വിവേചനം നേരിട്ടിരുന്നു. ദേശീയ ടീമിനായി കളിക്കുമ്പോള്‍ ദേശീയ ഗാനം ആലപിക്കാന്‍ ബെന്‍സിമ വിസമ്മതിച്ചതും മുമ്പ് വിവാദമായിരുന്നു.









Tags:    

Similar News