റോം: 2009ല്‍ യുവതിയെ പീഡിപ്പിച്ച കേസ് അമേരിക്കയില്‍ നിലനില്‍ക്കുന്നതിനാല്‍ ഉടന്‍ ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പിനായി റൊണാള്‍ഡോ അമേരിക്കയിലേക്ക് പോകില്ല. പോര്‍ച്ചുഗല്‍ താരം റൊണാള്‍ഡോയെ അമേരിക്കന്‍ പോലിസ് അറസ്റ്റ് ചെയ്യുമോ എന്ന ഭീതിയിലാണ് റൊണോയുടെ യുവന്റസ് ടീമും അമേരിക്കയിലേക്ക് പോകാത്തത്.
പണം നല്‍കി ഒതുക്കി തീര്‍ത്ത ബലാത്സംഗ കേസില്‍ അമേരിക്കന്‍ പോലിസ് നടപടി എടുക്കാന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തലാണ് ടീമിന്റെ പിന്‍മാറ്റത്തിന് കാരണം. യുവന്റസിന്റെ പ്രീസീസണ്‍ മല്‍സരങ്ങള്‍ അമേരിക്കയിലാണ് സ്ഥിരമായി നടക്കാറുള്ളത്. ഇത്തവണയും അവിടെ നടക്കണമെന്നാണ് കരാര്‍. കേസ് നിലനില്‍ക്കുന്നതിനാല്‍ വേദി മാറ്റണമെന്ന് യുവന്റസ് ആവശ്യപ്പെട്ടേക്കും. ഇത് പ്രകാരം ഏഷ്യയില്‍ വച്ചാണ് മല്‍സരം നടക്കുക. കേസ് ഒതുക്കി തീര്‍ത്തതാണെന്ന് യുവതി ആരോപിച്ചിരുന്നു. കേസില്‍ അമേരിക്കന്‍ പോലിസിന്റെ അന്വേഷണം തുടരുകയാണ്.
അതിനിടെ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മല്‍സരത്തിലേ അതിര്‍ കടന്ന ആഹ്ലാദ പ്രകടനത്തില്‍ റൊണാള്‍ഡോ കുറ്റക്കാരനെന്ന് യുവേഫാ കണ്ടെത്തിയിട്ടുണ്ട്. താരത്തിനുള്ള ശിക്ഷ ഉടന്‍ പ്രഖ്യാപിക്കും. ആദ്യ മല്‍സരത്തിലെ യുവന്റസിന്റെ തോല്‍വിക്ക് ശേഷം മാഡ്രിഡ് കോച്ച് സിമിയോണി കാണിച്ച ആംഗ്യപ്രകടനത്തിന് മറുപടിയെന്ന തരത്തിലാണ് രണ്ടാം മല്‍സരത്തിലെ ഹാട്രിക്ക് പ്രകടനത്തിന് ശേഷം റൊണാള്‍ഡോ സമാനരീതിയിലുള്ള പ്രകടനം നടത്തിയത്. നേരത്തെ സിമിയോണിയേ യുവേഫ ഇതിന് ശിക്ഷിച്ചിരുന്നു. മല്‍സരത്തില്‍ നിന്ന് വിലക്കോ പിഴ ശിക്ഷയോ റൊണായ്ക്ക് ലഭിക്കും. വിലക്ക് ലഭിക്കുകയാണെങ്കില്‍ അയാക്‌സിനെതിരായ ചാംപ്യന്‍സ് ലീഗിലെ ക്വാര്‍ട്ടര്‍ ആദ്യ പാദമല്‍സരം റൊണോയ്ക്ക് നഷ്ടമാവും. ഏപ്രില്‍ 9നാണ് മല്‍സരം. നിലവില്‍ അന്താരാഷ്ട്ര സൗഹൃദമല്‍സരങ്ങള്‍ക്കായി റൊണാല്‍ഡോ പോര്‍ച്ചുഗല്‍ ടീമിനൊപ്പമാണുള്ളത്.