സാന്റിയാഗോയില്‍ റയല്‍ ചാരം; സീസണിലെ ആദ്യ എല്‍ ക്ലാസ്സിക്കോ ബാഴ്‌സയ്ക്ക് സ്വന്തം

Update: 2024-10-27 02:54 GMT

മാഡ്രിഡ്: റയലിന്റെ കളി മുറ്റമായ സാന്റിയാഗോ ബെര്‍ണാബ്യൂവിലെ 75,000 വരുന്ന കാണികള്‍ക്ക് മുന്നില്‍ റയലിനെ തകര്‍ത്തെറിഞ്ഞ് ബാഴ്‌സലോണ. സീസണിലെ ആദ്യ എല്‍ ക്ലാസ്സിക്കോയിലാണ് ചിരവൈരികളായ റയലിനെ ബാഴ്‌സ അവരുടെ തട്ടകത്തില്‍ പോയി തളച്ചത്.എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് കറ്റാലന്‍സിന്റെ ജയം. പുതിയ കോച്ച് ഹാന്‍സി ഫ്‌ളിക്കിന്റെ തന്ത്രങ്ങള്‍ ബാഴ്‌സയ്ക്ക് വന്‍ ജയമൊരുക്കുകയായിരുന്നു. റയലിന്റെ 42 മല്‍സരങ്ങളുടെ തോല്‍വിയറിയാത്ത കുതിപ്പാണ് ബാഴ്‌സ അവസാനിപ്പിച്ചത്.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ബാഴ്സയുടെ ചുണക്കുട്ടികള്‍ റയലിനെ ഞെട്ടിച്ചത്. റോബര്‍ട്ടോ ലെവന്‍ഡോസ്‌കി ബാഴ്സയ്ക്കായി ഇരട്ട ഗോളുകള്‍ നേടി. 54, 56 മിനിറ്റുകളിലായാണ് ഗോളുകള്‍ പിറന്നത്. ടീനേജ് സെന്‍സേഷന്‍ ലാമിന്‍ യമാലിന്റെ ഗോള്‍ വീണത് 77ാം മിനിറ്റിലാണ്. മിന്നും ഫോമിലുള്ള ബ്രസീലിയന്‍ താരം റഫീനയുടെ ഗോള്‍ 84ാം മിനിറ്റിലാണ് പിറന്നത്.

മാര്‍ക്ക് കാസാഡോ, അല്‍സാണ്ടഡ്രോ ബ്ലേഡ്, റഫീന, ഇനിയാഗോ മാര്‍ട്ടിന്‍സ് എന്നിവര്‍ ബാഴ്സയുടെ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി.ജയത്തോടെ ബാഴ്സ സ്പാനിഷ് ലീഗില്‍ വ്യക്തമായ ആറ് പോയിന്റിന്റെ ലീഡുമായി ഒന്നാം സ്ഥാനത്ത് തുടരും. 43 മല്‍സരങ്ങളിലെ റയലിന്റെ തോല്‍വി അറിയാത്ത കുതിപ്പിന് ഹാന്‍സി ശിഷ്യര്‍ കടിഞ്ഞാണ്‍ ഇട്ടത്.റയല്‍ നിരയ്ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും സ്‌കോര്‍ ചെയ്യാനായില്ല. എംബാപ്പെയുടെ നീക്കങ്ങളെല്ലാം അവസാനിച്ചത് ഓഫ്സൈഡിലായിരുന്നു. താരത്തിന്റെ ആദ്യ എല്‍ ക്ലാസ്സിക്കോയാണ് തോല്‍വിയില്‍ കലാശിച്ചത്. ലീഗില്‍ റയല്‍ രണ്ടാം സ്ഥാനത്താണ്.

ഓഫ്സൈഡ് ട്രാപ്പ് ഫലപ്രദമായി നടപ്പാക്കിയ ഹാന്‍സി ഫ്ളിക്കിന്റെ സംഘം കിലിയന്‍ എംബാപ്പെയേയും വിനീഷ്യസ് ജൂനിയറിനെയും ജൂഡ് ബെല്ലിങ്ങാമിനെയുമെല്ലാം കെട്ടുപൊട്ടിപ്പായാന്‍ അനുവദിക്കാതെ തളച്ചുനിര്‍ത്തി. എട്ടോളം തവണയാണ് എംബാപ്പെ മത്സരത്തില്‍ ഓഫ്സൈഡ് കെണിയില്‍ കുടുങ്ങിയത്.ജയത്തോടെ ബാഴ്‌സ ഒന്നാം സ്ഥാനത്തെ ലീഡ് ആറ് പോയിന്റാക്കി വര്‍ദ്ധിപ്പിച്ചു.


Tags:    

Similar News