ബാഴ്‌സലോണയ്ക്ക് തിരിച്ചടിയേ തിരിച്ചടി; നിരവധി താരങ്ങള്‍ക്ക് പരിക്കും കൊവിഡും
ടോറസ് സ്‌ക്വാഡില്‍ എത്തിയെങ്കിലും താരത്തിന് ജനുവരിയില്‍ ടീമിനായി കളിക്കാന്‍ കഴിയില്ല.
ക്യാംപ് നൗ: ഈ സീസണില്‍ ടോപ് ഫോറിലെങ്കിലും ഫിനിഷ് ചെയ്യാമെന്ന ബാഴ്‌സലോണയുടെ മോഹങ്ങള്‍ക്കുള്ള തിരിച്ചടികള്‍ തുടരുന്നു.ടീമിലെ മൂന്ന് താരങ്ങള്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഉസ്മാനെ ഡെംബലേ, ഗവി, സാമുല്‍ ഉമിറ്റി എന്നിവര്‍ക്കാണ് ഏറ്റവും പുതിയതായി രോഗം കണ്ടെത്തിയത്. നേരത്തെ ജോര്‍ദ്ദി ആല്‍ബി, ബേല്‍ഡ്, ഡാനി ആല്‍വ്‌സ്, ലെങ്‌ലെറ്റ് എന്നിവര്‍ക്കും രോഗം കണ്ടെത്തിയിരുന്നു.
ഇതോടെ ഞായറാഴ്ച റയല്‍ മല്ലോര്‍ക്കയെ നേരിടുന്ന ബാഴ്‌സയുടെ നില പരുങ്ങലില്‍ ആണ്. സെര്‍ജിയോ ഡെസ്റ്റ്, ജെറാഡ് പിക്വെ, റൊണാള്‍ഡ അറുജോ, ഫിലിപ്പെ കുട്ടീഞ്ഞോ, നെറ്റോ എന്നിവര്‍ ഇന്ന് പരിശീലനത്തിനിറങ്ങിയിട്ടില്ല. ഈ താരങ്ങള്‍ നാളെ പരിശോധന നടത്തിയതിന് ശേഷമേ പരിശീലനത്തിന് ഇറങ്ങൂ. ബുസ്‌കറ്റസ്, ഡിപ്പേ, ഫാത്തി, ബ്രെത്ത്‌വൈറ്റ്, പെഡ്രി, റോബര്‍ട്ടോ എന്നിവര്‍ പരിക്കിന്റെ പിടിയിലുമാണ്. മാഞ്ചസ്റ്റര്‍ സിറ്റി താരം ടോറസ് ബാഴ്‌സാ സ്‌ക്വാഡില്‍ എത്തിയെങ്കിലും താരത്തിന് ജനുവരിയില്‍ ടീമിനായി കളിക്കാന്‍ കഴിയില്ല.