അഴിമതിയാരോപണം; ബാഴ്‌സയക്ക് ചാംപ്യന്‍സ് ലീഗില്‍ നിന്ന് വിലക്ക് വരും
യുവേഫയുടെ എല്ലാ ടൂര്‍ണ്ണമെന്റുകളില്‍ നിന്നും ടീമിനെ വിലക്കിയേക്കും.
ക്യാംപ് നൗ: റഫറിയെ സ്വാധീനിക്കാന്‍ ശ്രമിച്ച അഴിമതിയാരോപണത്തില്‍ അന്വേഷണം നേരിടുന്ന സ്പാനിഷ് പ്രമുഖര്‍ ബാഴ്‌സയ്ക്ക് കടുത്ത ശിക്ഷ ലഭിച്ചേക്കും. സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബാഴ്‌സയ്ക്ക് സ്‌പെയിനില്‍ നിന്ന് കാര്യമായ ശിക്ഷ ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യുവേഫാ ബാഴ്‌സയ്ക്ക് ശിക്ഷ നല്‍കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത സീസണിലെ ചാംപ്യന്‍സ് ലീഗില്‍ നിന്ന് ബാഴ്‌സയെ വിലക്കിയേക്കും. ഈ സീസണില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്ക് ചാംപ്യന്‍സ് ലീഗിന് യോഗ്യത ലഭിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ യുവേഫാ ബാഴ്‌സയെ വിലക്കാനുള്ള തയ്യാറെടുപ്പിലാണ്. യുവേഫയുടെ എല്ലാ ടൂര്‍ണ്ണമെന്റുകളില്‍ നിന്നും ടീമിനെ വിലക്കിയേക്കും.
റഫറീയിങ് സംബന്ധിച്ച ഉപദേശങ്ങള്‍ക്കായി ബാഴ്സലോണ, റഫറി കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റ് ഹോസെ മരിയ നെഗ്രേയ്റയുടെ കമ്പനിക്ക് 57 കോടി രൂപ പ്രതിഫലം നല്‍കിയെന്നാണ് കണ്ടെത്തല്‍. 2001 മുതല്‍ 2021 വരെയുള്ള കാലഘട്ടത്ത് നടന്ന അഴിമതിയിലാണ് അന്വേഷണം നടക്കുന്നത്. ജോസഫ് ബെര്‍ത്തോമ്യു, സാന്‍ട്രോ റോസല്‍ എന്നിവര്‍ ബാഴ്സലോണയുടെ പ്രസിഡന്റായിരുന്ന കാലത്താണ് പണം അനുവദിച്ചത്. 2001 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് സംഭവം. നെഗ്രേയ്റയുടെ ബാങ്കിടപാടുകള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
എന്നാല്‍ അഴിമതിയാരോപണം ബാഴ്സലോണ നിഷേധിച്ചു. റഫറിമാരില്‍ നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കുന്നതും പുറത്തുനിന്ന് വിദഗ്ധരെ പണം നല്‍കി നിയോഗിക്കുന്നതുമെല്ലാം പ്രൊഷഷണല്‍ ഫുട്ബോളില്‍ സാധാരണമാണെന്നാണ് കറ്റാലന്‍ക്ലബ്ബിന്റെ പ്രതികരണം.