ചാംപ്യന്‍സ് ലീഗില്‍ ബാഴ്സലോണ ഇന്ന് നപ്പോളിക്കെതിരേ

ബാഴ്സയുടെ ഹോം ഗ്രൗണ്ടിലാണ് മല്‍സരം നടക്കുന്നത്. പ്രീക്വാര്‍ട്ടര്‍ ആദ്യപാദ മല്‍സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു.

Update: 2020-08-08 08:00 GMT

ക്യാംപ്നൗ: റയല്‍ മാഡ്രിഡിന് ശേഷം സ്പെയിന്‍ പ്രതീക്ഷയായ ബാഴ്സലോണ ഇന്ന് ചാംപ്യന്‍സ് ലീഗില്‍ നപ്പോളിക്കെതിരേ ഇറങ്ങുന്നു. ബാഴ്സയുടെ ഹോം ഗ്രൗണ്ടിലാണ് മല്‍സരം നടക്കുന്നത്. രാത്രി 12.30 നാണ് മല്‍സരങ്ങള്‍. പ്രീക്വാര്‍ട്ടര്‍ ആദ്യപാദ മല്‍സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു. കൈയെത്തും ദൂരത്ത് ലാലിഗ കിരീടം നഷ്ടപ്പെട്ട കറ്റാലന്‍സിന്റെ ഈ സീസണിലെ ഏക കിരീടപ്രതീക്ഷയാണ് ചാംപ്യന്‍സ് ലീഗ്. സീസണില്‍ ഒരുകിരീടം പോലും നേടാത്ത ബാഴ്സയുടെ സീസണിലെ അവസാനപ്രതീക്ഷയും ഇതുതന്നെയാണ്.

കോച്ച് സെറ്റിയനാവട്ടെ ഇന്ന് സ്പെയിനില്‍ അഗ്‌നിപരീക്ഷയാണ്. സ്പാനിഷ് കിരീടം നഷ്ടപ്പെട്ട ടീം ചാംപ്യന്‍സ് ലീഗ് കൂടി അടിയറിവയ്ക്കുകയാണെങ്കില്‍ സെറ്റിയന്റെ ഭാവി തുലാസിലാണ്. ബാഴ്സലോണയുടെ തനത് താളം കണ്ടെത്താന്‍ സെറ്റിയന് ഇതുവരെ ആയിട്ടില്ല. ഡെംബലെ, ആര്‍തുര്‍ എന്നിവര്‍ ഇന്ന് ടീമിനായി ഇറങ്ങില്ല. പരിക്ക് മാറി ഇന്‍സിനെ ഇന്ന് കളിക്കും. യുവതാരം റിക്വി പുജ് ഇന്ന് ചാംപ്യന്‍സ് ലീഗില്‍ ബാഴ്സയ്ക്കായി അരങ്ങേറും. മെസ്സി, പിക്വെ, ആല്‍ബാ, റാക്കിച്ച്, ഡി ജോങ്, സുവാരസ്, ഗ്രീസ്മാന്‍, റോബര്‍ട്ടോ, ലെങ്ലെറ്റ് എന്നിവര്‍ ആദ്യ ഇലവനില്‍ കളിക്കും.  

Tags:    

Similar News