എല്‍ ക്ലാസിക്കോയില്‍ വീണ്ടും ബാഴ്‌സലോണന്‍ വാഴ്ച
ഇരുടീമും പ്രതിരോധത്തിലൂന്നി കളിച്ചപ്പോള്‍ പിറന്നത് ബാഴ്‌സയുടെ ഒരു ഗോള്‍ മാത്രം
സാന്റിയാഗോ ബെര്‍ണാബ്: എല്‍ ക്ലാസിക്കോയില്‍ വീണ്ടും ബാഴ്‌സലോണയുടെ തേര്‍വാഴ്ച. ഇന്ന് നടന്ന സ്പാനിഷ് ലീഗിലെ റയല്‍ മാഡ്രിഡ് ബാഴ്‌സലോണ മല്‍സരത്തിലാണ് മിശിഹായുടെ ടീം ഒരിക്കല്‍ കൂടി ജയം നേടിയത്. ക്രൊയേഷ്യന്‍ താരം ഇവാന്‍ റാക്കിറ്റിച്ചിന്റെ ഏകഗോളിനാണ് ബാഴ്‌സയുടെ ജയം. കോപാ ഡെല്‍ റേയിലെ സെമി പോലെയുള്ള പോരാട്ടം ഇരു ടീമുകളില്‍ നിന്നും കാണികള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇരുടീമും പ്രതിരോധത്തിലൂന്നി കളിച്ചപ്പോള്‍ പിറന്നത് ബാഴ്‌സയുടെ ഒരു ഗോള്‍ മാത്രം. തുടര്‍ച്ചയായ നാലാം തവണയാണ് റയലിന്റെ ഹോമില്‍ ബാഴ്‌സ വിജയിക്കുന്നത്. കോപാ ഡെല്‍ റേയുടെ സെമിയില്‍ കഴിഞ്ഞ ദിവസം 4-1ന്റെ ജയമാണ് റയലിനെതിരേ ബാഴ്‌സ നേടിയത്. 26ാം മിനിറ്റിലാണ് റാക്കിറ്റിച്ചിന്റെ വിജയഗോള്‍ നേട്ടം. സര്‍ജിയോ റോബേര്‍ട്ടയുടെ പാസ് മനോഹരമായ ഫിനിഷിങിലൂടെ റാക്കിറ്റിച്ച് ഗോളാക്കി. കഴിഞ്ഞ ഒക്ടോബറിന് ശേഷമുള്ള താരത്തിന്റെ ആദ്യ ഗോള്‍ കൂടിയാണിത്. ജയത്തോടെ ബാഴ്‌സ 60 പോയിന്റുമായി ഒന്നാമത് തുടരുകയാണ്. മാഡ്രിഡാവട്ടെ 48 പോയിന്റുമായി മൂന്നാമതാണ്. അത്‌ലറ്റിക്കോ മാഡ്രിഡാണ് 50 പോയിന്റോടെ രണ്ടാമതുള്ളത്. സ്പാനിഷ് ലീഗിലെ മറ്റ് മല്‍സരങ്ങളില്‍ എസ്പാനിയോള്‍ റയല്‍ വലാഡോലിഡിനെ 3-1നും ആല്‍വസ് വിയ്യാറലിനെ 2-1നും സെവിയ്യയെ ഹുസ്‌ക 2-1നും തോല്‍പ്പിച്ചു.