സാവോ പോളോ: ബ്രസീല്‍- അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മല്‍സരം നിര്‍ത്തിവച്ചു. അര്‍ജന്റീനയുടെ നാല് താരങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന പരാതിയെത്തുടര്‍ന്നാണ് മല്‍സരം നിര്‍ത്തിവച്ചത്. എമിലിയാനോ മാര്‍ട്ടിനെസ്, ജിയോവാനി ലോ സെല്‍സോ, ക്രിസ്റ്റ്യന്‍ റൊമേറോ, എമി ബ്യൂണ്ടിയ എന്നിവര്‍ക്കെതിരേയാണ് പരാതി ഉയര്‍ന്നത്. ബ്രസീല്‍ ആരോഗ്യമന്ത്രാലയം അധികൃതര്‍ ഗ്രൗണ്ടിലിറങ്ങി യുകെയില്‍നിന്നെത്തിയ താരങ്ങള്‍ ഗ്രൗണ്ട് വിടണമെന്ന് ആവശ്യപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളത്തിലിറങ്ങിയെന്നും ഇവര്‍ ക്വാറന്റൈന്‍ നിയമം പാലിച്ചില്ലെന്നുമാണ് അര്‍ജന്റീനിയന്‍ താരങ്ങളെ ഒഴിവാക്കാനുള്ള കാരണമായി ബ്രസീല്‍ ആരോഗ്യമന്ത്രാലയം പറയുന്നത്.
അര്‍ജന്റീന കളിക്കാരെ പിടികൂടാന്‍ ബ്രസീല്‍ പോലിസും ആരോഗ്യമന്ത്രാലയം അധികൃതരും ഗ്രൗണ്ടിലിറങ്ങിയതിനെ ത്തുടര്‍ന്നാണ് ലോകകകപ്പ് ദക്ഷിണ അമേരിക്ക യോഗ്യതാ റൗണ്ട് മല്‍സരം തടസ്സപ്പെട്ടത്. മല്‍സരം തുടങ്ങി ഏഴാം മിനിറ്റിലായിരുന്നു നാടകീയ രംഗങ്ങള്‍. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും താരങ്ങളും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. അര്‍ജന്റീനയുടെ കളിക്കാരെ സ്റ്റേഡിയത്തില്‍നിന്ന് കൊണ്ടുപോവാന്‍ പോലിസ് വാഹനവ്യൂഹവും സജ്ജമാക്കിയിരുന്നു.
🚨⚽️ | NEW: Footage shows Brazilian officials entering the pitch during the Brazil vs Argentina game to allegedly detain 4 Argentinian players who had entered the country from England pic.twitter.com/3X0PkNghmN
— Football For All (@FootballlForAll) September 5, 2021
യുകെ, ദക്ഷിണാഫ്രിക്ക, വടക്കേ അയര്‍ലന്റ്, ഇന്ത്യ രാജ്യങ്ങളിലൂടെ കഴിഞ്ഞ 14 ദിവസങ്ങളില്‍ സഞ്ചരിച്ചവര്‍ ദിവസം ക്വാറന്റൈനില്‍ ഇരിക്കണമെന്നാണ് ബ്രസീല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഇത് നിലനില്‍ക്കെയാണ് ടോട്ടനം താരങ്ങളായ ലോസെല്‍സോ, റൊമേറോ, ആസ്റ്റന്‍വില്ല കീപ്പര്‍ മാര്‍ട്ടിനസ് എന്നിവരെ അര്‍ജന്റീന കോച്ച് ലയനല്‍ സ്‌കലോനി സ്റ്റാര്‍ട്ടിങ് ഇലവനിലെടുത്തത്. മറ്റൊരു പ്രീമിയര്‍ ലീഗ് താരമായ എമിലിയാനോ ബുവെന്‍ഡിയയും ടീമിലുണ്ടായിരുന്നു. കോപ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ നേരിട്ട അതേ ടീമിനെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഇറക്കിയത്.
Former Barcelona teammates - #Messi , #Neymar and #DaniAlves in an animated discussion as #Brazil vs #Argentina is stopped. #brazilvsargentina #Bra #ARG #BRAvsArg #FIFAWCQ2022 pic.twitter.com/FmoQ0RNyCT
— Rahul ® (@RahulSadhu009) September 5, 2021
ദക്ഷിണ അമേരിക്കയിലെ വന്‍ശക്തികള്‍ തമ്മിലുള്ള മല്‍സരത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രീമിയര്‍ ലീഗിലെ കളിക്കാരെ തടഞ്ഞുവയ്ക്കണമെന്ന് ബ്രസീല്‍ ആരോഗ്യവിഭാഗമായ അന്‍വിസ, എമിഗ്രേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കഴിഞ്ഞ 14 ദിവസത്തില്‍ ഇംഗ്ലണ്ടില്‍ തങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് അര്‍ജന്റീനാ താരങ്ങള്‍ സത്യവാങ്മൂലം നല്‍കിയത്. ഇതെത്തുടര്‍ന്ന് പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് കളിക്കാര്‍ പറയുന്നത് അസത്യമാണെന്ന് ബോധ്യമായതെന്ന് അന്‍വിസ പറയുന്നു. കൊവിഡ് റെഡ് ലിസ്റ്റിലുള്ള ബ്രസീലിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് അര്‍ജന്റീന കളിക്കാരെ പ്രീമിയര്‍ ലീഗ് അധികൃതരും വിലക്കിയിരുന്നു. ഇത് വകവയ്ക്കാതെയാണ് കോപ ഫൈനലില്‍ കളിച്ച താരങ്ങള്‍ കോച്ചിന്റെ ക്ഷണം സ്വീകരിച്ചെത്തിയത്.