ആരാധകര്‍ക്ക് ആശ്വാസം; കോപ്പാ അമേരിക്ക ബ്രസീലില്‍ തന്നെ നടക്കും

ആദ്യമല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ബ്രസീല്‍ വെനിസ്വേലയെ നേരിടും.

Update: 2021-06-11 12:41 GMT


സാവോപോളോ: വിവാദങ്ങള്‍ക്കൊടുവില്‍ കോപ്പാ അമേരിക്ക നിശ്ചയിച്ച പ്രകാരം നടത്താന്‍ തീരുമാനം.ബ്രസീലിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതിയില്‍ ഇന്നാണ് പരമോന്നത കോടതി വിധി പറഞ്ഞത്. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കോപ്പാ അമേരിക്ക നിര്‍ത്തിവയ്ക്കണമെന്നായിരുന്നു പ്രതിപക്ഷപാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍ ടൂര്‍ണ്ണമെന്റ് നിര്‍ത്തിവയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ബ്രസീല്‍ സുപ്രിംകോടതിയുടെ 11 അംഗ ജഡ്ജിമാര്‍ അടങ്ങിയ ബെഞ്ച് അറിയിച്ചു.


ടൂര്‍ണ്ണമെന്റുമായി മുന്നോട്ടുപോവാനുള്ള നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. നടപടികള്‍ കൂടുതല്‍ ശക്തമാക്കാനും വിവരം നല്‍കിയിട്ടുണ്ട്-കോടതി വ്യക്തമാക്കി. ബ്രസീല്‍ ടീമും ടൂര്‍ണ്ണമെന്റിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ടൂര്‍ണ്ണമെന്റുമായി മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയായിരുന്നു. കൊവിഡിനെ തുടര്‍ന്ന് ടൂര്‍ണ്ണമെന്റ് കഴിഞ്ഞ വര്‍ഷം മാറ്റിയിരുന്നു. നേരത്തെ കൊളംബിയയും അര്‍ജന്റീനയുമായിരുന്നു ആതിഥേയ രാജ്യങ്ങള്‍. എന്നാല്‍ പിന്നീട് ഇവര്‍ പിന്‍മാറുകയായിരുന്നു. ജൂണ്‍ 14നാണ് കോപ്പാ അമേരിക്കയ്ക്ക് തുടക്കമാവുന്നത്. ആദ്യമല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ബ്രസീല്‍ വെനിസ്വേലയെ നേരിടും.




Tags:    

Similar News