ചാംപ്യന്‍സ് ലീഗ്; ആന്‍ഫീല്‍ഡില്‍ കയറി ലിവര്‍പൂളിനെ നിലംപരിശാക്കി റയല്‍ മാഡ്രിഡ്
മാഞ്ചസ്റ്റര്‍ സിറ്റി ആര്‍ ബി ലെപ്‌സിഗിനെയും ഇന്റര്‍മിലാന്‍ എഫ് സി പോര്‍ട്ടോയെയും നേരിടും.
ആന്‍ഫീല്‍ഡ്: കഴിഞ്ഞ സീസണിലെ ചാംപ്യന്‍സ് ലീഗ് ഫൈനലിന് പകവീട്ടാമെന്ന ലിവര്‍പൂളിന്റെ മോഹങ്ങള്‍ക്ക് വന്‍ തിരിച്ചടി നല്‍കി റയല്‍ മാഡ്രിഡ്. ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ലിവര്‍പൂളിനെ 5-2നാണ് നിലവിലെ ചാംപ്യന്‍മാര്‍ തകര്‍ത്തത്. ആന്‍ഫീല്‍ഡില്‍ രണ്ട് ഗോളിന്റെ ലീഡെടുത്തതിന് ശേഷമായിരുന്നു ചെമ്പടയുടെ പതനം.
ആദ്യ പകുതിയില്‍ തന്നെ റയല്‍ 2-2 സമനില പിടിച്ചിരുന്നു. വിനീഷ്യസ് ജൂനിയറാണ് ഇരട്ട ഗോളിലൂടെ റയലിന് സമനില നല്‍കിയത്. രണ്ടാം പകുതിയില്‍ പൂര്‍ണ്ണമായും റയലിന്റെ ആധ്യപത്യമായിരുന്നു. മിലിറ്റോ(47), കരീം ബെന്‍സിമ (55, 67) എന്നിവരിലൂടെ റയല്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ച് 5-2ന്റെ ജയം വരുതിയിലാക്കി. ബെന്‍സിമ, മൊഡ്രിച്ച്, റൊഡ്രിഗോ, വിനീഷ്യസ് ജൂനിയര്‍ എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കുകയും ചെയ്തു. രണ്ടാം പാദത്തില്‍ സാന്റിയാഗോയില്‍ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് നടത്താനാവത്ത വിധമാണ് റയല്‍ ലിവര്‍പൂളിനെ തകര്‍ത്തത്.
ന്യുനസ്(4), മുഹമ്മദ് സലാഹ് (14) എന്നിവരാണ് ലിവര്‍പൂളിന്റെ സ്‌കോര്‍മാര്‍.ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ നപ്പോളി ഫ്രാങ്ക്ഫര്‍ട്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.
ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആര്‍ ബി ലെപ്‌സിഗിനെയും ഇന്റര്‍മിലാന്‍ എഫ് സി പോര്‍ട്ടോയെയും നേരിടും.