ഓ സലാഹ് സൂപ്പര്‍; ചാംപ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോയെ മറികടന്ന് ക്ലോപ്പിന്റെ ചെമ്പട
എട്ട്, 78 മിനിറ്റുകളിലായാണ് മുഹമ്മദ് സലാഹിന്റെ ഗോളുകള്‍.
ആന്‍ഫീല്‍ഡ്: ചാംപ്യന്‍സ് ലീഗിലെ ലിവര്‍പൂളിന്റെയും മുഹമ്മദ് സലാഹിന്റെയും കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് ബിയില്‍ ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മല്‍സരത്തില്‍ 3-2ന്റെ ജയമാണ് ക്ലോപ്പിന്റെ ലിവര്‍പൂള്‍ നേടിയത്. കളിച്ച മൂന്ന് മല്‍സരങ്ങളിലും തകര്‍പ്പന്‍ ജയവുമായി ഒമ്പത് പോയിന്റ് നേടി അവര്‍ ഒന്നാമത് തുടരുന്നു.
ഈ സീസണില്‍ മിന്നും ഫോമിലുള്ള മുഹമ്മദ് സലാഹ് തന്നെയാണ് ഇന്നും ലിവര്‍പൂളിന്റെ ജയത്തിന് ചുക്കാന്‍ പിടിച്ചത്. എട്ട്, 78 മിനിറ്റുകളിലായാണ് മുഹമ്മദ് സലാഹിന്റെ ഗോളുകള്‍. 13ാം മിനിറ്റിലാണ് നാബി കീറ്റയുടെ ഗോള്‍.
മികച്ച കളി പുറത്തെടുത്തിട്ടും തോല്‍ക്കാനായിരുന്നു സിമിയോണിയുടെ കുട്ടികളുടെ വിധി. മല്‍സരത്തില്‍ അന്റോണിയാ ഗ്രീസ്മാന്‍ ഇരട്ട ഗോളുകള്‍ നേടിയിരുന്നു (20,34). എന്നാല്‍ 52ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് പുറത്ത് പോവാനായിരുന്നു ഗ്രീസ്മാന്റെ യോഗം. ലിവര്‍പൂളിന്റെ ഫിര്‍മിനോയെ ഹൈഫീറ്റ് ഫൗള്‍ ചെയ്തതിനാണ് ഗ്രീസ്മാന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ഇത് അവര്‍ക്ക് വമ്പന്‍ തിരിച്ചടിയും നല്‍കി. വമ്പന്‍ അവസരങ്ങള്‍ മാഡ്രിഡ് സൃഷ്ടിച്ചുവെങ്കിലും ലിവര്‍പൂളിന്റെ വന്‍മതില്‍ അലിസണ്‍ അതെല്ലാം തടഞ്ഞു.
ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ എസി മിലാനെ എഫ് സി പോര്‍ട്ടോ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി. ഗ്രൂപ്പില്‍ അത്‌ലറ്റിക്കോ രണ്ടാമതും പോര്‍ട്ടോ മൂന്നാമതും മിലാന്‍ നാലാമതും നില്‍ക്കുന്നു.