യൂറോപ്പാ ലീഗിനിടെ ഇസ്രായേല്‍ ആരാധകരും ഫലസ്തീന്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷം

Update: 2024-11-08 13:43 GMT

ആംസ്റ്റര്‍ഡാം: യൂറോപ്പ ലീഗ് മത്സരം കാണാനെത്തിയ ഇസ്രായേല്‍-ഫലസ്തീന്‍ ഫുട്‌ബോള്‍ പ്രേമികള്‍ തമ്മില്‍ കൂട്ടത്തല്ല്. മക്കാബി ടെല്‍ അവീവും അയാക്‌സും തമ്മിലുള്ള മത്സരത്തിന് മുമ്പും ശേഷവുമാണ് സംഘര്‍ഷം ഉണ്ടായത്. ആംസ്റ്റര്‍ഡാമിലാണ് സംഭവം.

മത്സരം നടന്ന സ്റ്റേഡിയത്തിനു സമീപമുള്ള കെട്ടിടങ്ങളില്‍ തൂക്കിയിരുന്ന ഫലസ്തീന്‍ പതാകകള്‍ ഇസ്രായിലി ക്ലബ്ബ് ആരാധകര്‍ കീറിയെറിഞ്ഞതാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഫലസ്തീന്‍ പതാകകള്‍ കീറിയവരെ ഫലസ്തീന്‍ അനുകൂലികള്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സാമൂഹികമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സംഘര്‍ഷത്തില്‍ 10 ഇസ്രായേല്‍ പൗരന്‍മാര്‍ക്ക് പരിക്കേറ്റെന്നും രണ്ട് പേരെ കാണാതായെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവര്‍ക്ക് രാജ്യത്തേയ്ക്ക് മടങ്ങിയെത്താന്‍ അടിയന്തരമായി വിമാനങ്ങള്‍ അയക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു.

57 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇസ്രായേല്‍ ക്ലബ്ബായ മക്കാബി ടെല്‍ അവീവിന്റെ ആരാധകരും ആസ്റ്റര്‍ഡാമിലെ ഫലസ്തീന്‍ അനുകൂലികളും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. അയാക്‌സിന്റെ ഹോം സ്റ്റേഡിയമായ ജോണ്‍ ക്രൈഫ് അരീനയില്‍ നടന്ന മത്സരത്തില്‍ അയാക്സ് എതിരില്ലാത്ത 5 ഗോളുകള്‍ക്ക് ജയിച്ചു. ഈ മാസം 28ന് ഇസ്താംബൂളില്‍ ഒരു തുര്‍ക്കി ക്ലബ്ബിനെതിരെയാണ് മക്കാബി ടെല്‍ അവീവിന്റെ അടുത്ത മത്സരം.






Tags:    

Similar News