ഡേവിഡ് ഒസ്പിനയുടെ ചിറകിലേറി കൊളംബിയ കോപ്പാ അമേരിക്കാ സെമിയില്‍
ഇതിഹാസം കാര്‍ലോസ് വാള്‍ഡ്രാമയുടെ റെക്കോഡും ഇന്ന് ഒസ്പിന തകര്‍ത്തു.
സാവോപോളോ: ഇന്ന് പുലര്‍ച്ചെ നടന്ന കോപ്പാ അമേരിക്കാ ക്വാര്‍ട്ടറില്‍ ഉറുഗ്വെയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് കൊളംബിയ സെമിയിലേക്ക് പറന്നുപ്പോള്‍ താരമായത് ഡേവിഡ് ഒസപിനയാണ്. ഗോളിയും ക്യാപ്റ്റനുമായ ഡേവിഡ് ഒസ്പിനയുടെ രണ്ട് സേവുകളാണ് അവര്‍ക്ക് തുണയായത്. 2001ന് ശേഷം ആദ്യമായി കോപ്പയില്‍ മുത്തമിടാന്‍ ഒസ്പിനയ്ക്കും കൂട്ടര്‍ക്കും വേണ്ടത് രണ്ട് ജയം മാത്രം. സെമിയില്‍ കരുത്തരായ അര്‍ജന്റീനയാണ് കൊളംബിയയുടെ എതിരാളി. 4-2നാണ് ശക്തരായ ഉറുഗ്വെയെ അവര്‍ വീഴ്ത്തിയത്.
ഉറുഗ്വെയുടെ ജോസ് മരിയാ ജിമ്മന്‍സ്, മാത്യസ് വിനാ എന്നിവരുടെ ഷോട്ടുകളാണ് ഒസ്പിന സേവ് ചെയ്തത്. ലൂയിസ് സുവാരസും എഡിസണ്‍ കവാനിയും ഉറുഗ്വെയ്ക്കായി ലക്ഷ്യം കണ്ടു. സപാറ്റ, ഡേവിസണ്‍ സാഞ്ചസ്, യൂരി മി, എയ്ഞ്ചല്‍ ബോര്‍ഹ എന്നിവരാണ് കൊളംബിയക്കായി വലകുലിക്കിയത്. നിശ്ചിത സമയത്ത് ഇരുടീമും ഗോള്‍രഹിതമായി ഒപ്പത്തിനൊപ്പമായിരുന്നു. തുടര്‍ന്നാണ് മല്‍സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മല്‍സരം കളിച്ച കൊളംബിയന്‍ ഇതിഹാസം കാര്‍ലോസ് വാള്‍ഡ്രാമയുടെ റെക്കോഡും ഇന്ന് ഒസ്പിന തകര്‍ത്തു. ആദ്യ സെമിയില്‍ ബ്രസീല്‍ പെറുവിനെ നേരിടും.