111 ഗോളുകള്‍; ലോക റെക്കോഡുമായി റൊണാള്‍ഡോ

89ാം മിനിറ്റിലും എക്‌സ്ട്രാടൈമിലും രണ്ട് തകര്‍പ്പന്‍ ഹെഡറിലൂടെയാണ് മുന്‍ യുവന്റസ് താരത്തിന്റെ ഗോളുകള്‍ പിറന്നത്.

Update: 2021-09-02 03:20 GMT


ലിസ്ബണ്‍: ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ എന്ന റെക്കോഡ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് സ്വന്തം.ഇന്ന് നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ റിപ്പബ്ലിക്ക് ഓഫ് അയര്‍ലാന്റിനെതിരേ ഇരട്ട ഗോള്‍ നേടിയാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. യൂറോ കപ്പില്‍ ഇറാന്റെ ഇതിഹാസ താരം അലി ദെയുടെ 109 ഗോളുകള്‍ എന്ന നേട്ടത്തിനൊപ്പം റൊണോ എത്തിയിരുന്നു. 89ാം മിനിറ്റിലും എക്‌സ്ട്രാടൈമിലും രണ്ട് തകര്‍പ്പന്‍ ഹെഡറിലൂടെയാണ് മുന്‍ യുവന്റസ് താരത്തിന്റെ ഗോളുകള്‍ പിറന്നത്. 111 ഗോളുകള്‍ എന്ന ചരിത്ര നേട്ടമാണ് മുന്‍ റയല്‍ താരം സ്വന്തമാക്കിയത്.

ഇന്ന് നടന്ന മല്‍സരത്തില്‍ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ നേട്ടത്തോടെ അയര്‍ലാന്റിനെ 2-1നാണ് പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ എല്ലാ മല്‍സരങ്ങളും ജയിച്ച് പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. പോര്‍ച്ചുഗല്‍ ടീമിനൊപ്പം 180ാം മല്‍സരം കളിച്ച റൊണാള്‍ഡോ മറ്റൊരു റെക്കോഡും കരസ്ഥമാക്കി.യൂറോപ്പില്‍ ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ മല്‍സരം കളിച്ച സ്‌പെയിനിന്റെ സെര്‍ജിയോ റാമോസിന്റെ റെക്കോഡിനൊപ്പവും 36കാരനായ താരം എത്തി.




Tags:    

Similar News