ഡോര്‍ട്ട്മുണ്ടിനും വേണ്ട; സിആര്‍7നെ വേണ്ടത് സ്‌പോര്‍ട്ടിങ് ലിസ്ബണ് മാത്രം

ഓഗസ്റ്റ് 31ന് മുമ്പ് റയല്‍ ഇതിഹാസത്തിന്റെ പുതിയ തട്ടകം അറിയാം.

Update: 2022-08-19 08:59 GMT


ലിസ്ബണ്‍: ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാന്‍ ശ്രമിക്കുന്ന പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ട്രാന്‍സ്ഫര്‍ വിപണിയില്‍ ആവശ്യം സ്‌പോര്‍ട്ടിങ് ലിസ്ബണ് മാത്രം. മറ്റ് ക്ലബ്ബുകളൊന്നും താരത്തിനായി മുന്നോട്ട് വന്നിട്ടില്ല. ട്രാന്‍സ്ഫര്‍ ജാലകം അടയ്ക്കാന്‍ രണ്ടാഴ്ചകള്‍ മാത്രമാണുള്ളത്. ഇതിന് മുമ്പ് റൊണാള്‍ഡോ ഒരു ക്ലബ്ബ് തിരഞ്ഞെടുക്കേണ്ടതുണ്ട്. 37കാരനായ റോണോയ്ക്ക് ചാംപ്യന്‍സ് ലീഗ് ഈ സീസണില്‍ കളിക്കണമെന്നത് ഏറ്റവും വലിയ ആഗ്രഹമാണ്. യുനൈറ്റഡിനാവട്ടെ ഈ സീസണില്‍ ചാംപ്യന്‍സ് ലീഗിന് യോഗ്യതയുമില്ല. ചാംപ്യന്‍സ് ലീഗ് യോഗ്യതയുള്ള ടീമുകളൊന്നും യുനൈറ്റഡ് താരത്തിനായി രംഗത്തുമില്ല.


ജര്‍മ്മന്‍ ബുണ്ടസാ ലീഗ് ക്ലബ്ബ് ബോറൂസിയാ ഡോര്‍ട്ട്മുണ്ടിലേക്ക് താരം ചേക്കേറുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ക്ലബ്ബ് ഇന്ന് ഔദ്ദ്യോഗികമായി രംഗത്ത് വന്ന് ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. സീസണില്‍ യുനൈറ്റഡിനായിറങ്ങിയ റോണോയ്ക്ക് തിളങ്ങാനുമായിട്ടില്ല. റൊണാള്‍ഡോ ടീമിന്റെ ഐക്യം നഷ്ടപ്പെടുത്തുന്നുവെന്നും കളത്തില്‍ താരത്തിന്റെ സാന്നിധ്യം കാരണം സഹകളിക്കാര്‍ക്ക് താളം കണ്ടെത്താനാവുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. യുനൈറ്റഡും റൊണാള്‍ഡോയെ കൈവിട്ട് നിലയിലാണ്. ഇതോടെ താരം തന്റെ പഴയ തട്ടകമായി സ്‌പോര്‍ട്ടിങ് ലിസ്ബണിലേക്ക് ചേക്കേറുമെന്നാണ് ട്രാന്‍സ്ഫര്‍ വിപണിയിലെ സംസാരം. സ്‌പോര്‍ട്ടിങിന് ചാംപ്യന്‍സ് ലീഗ് യോഗ്യതയുമുണ്ട്. ലോക ഫുട്‌ബോളര്‍ തന്റെ കരിയര്‍ ലിസ്ബണില്‍ അവസാനിപ്പിക്കുമോ എന്ന് കണ്ടറിയാം. ഓഗസ്റ്റ് 31ന് മുമ്പ് റയല്‍ ഇതിഹാസത്തിന്റെ പുതിയ തട്ടകം അറിയാം.




Tags:    

Similar News