പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡ് വിജയവഴിയില്‍; സബ്ബ് ചെയ്തതില്‍ രോഷം പ്രകടിപ്പിച്ച് റൊണാള്‍ഡോ

പാസ് സ്വീകരിച്ച ഗ്രീന്‍വുഡ് ബ്രന്റ്‌ഫോഡ് പ്രതിരോധത്തെ മറികടന്ന് സ്‌കോര്‍ ചെയ്യുകയായിരുന്നു.

Update: 2022-01-20 05:50 GMT


മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഫോം വീണ്ടെടുത്ത് റാള്‍ഫ് റാഗ്നിക്കിന്റെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ഇന്ന് ബ്രന്റ്‌ഫോഡിനെ നേരിട്ട യുനൈറ്റഡ് 3-1ന്റെ വമ്പന്‍ ജയമാണ് നേടിയത്. എല്ലാ താരങ്ങളും മികച്ച ഫോമിലാണ് ഇന്ന് കളിച്ചത്. രണ്ടാം പകുതിയിലാണ് ചുവപ്പ് ചെകുത്താന്‍മാരുടെ മൂന്ന് ഗോളും വീണത്. ആസ്റ്റണ്‍ വില്ലയ്‌ക്കെതിരായ മല്‍സരത്തില്‍ സബ്ബായി ഇറങ്ങിയ യുവതാരം ആന്റണി എലാങ്ക ഇന്ന് ആദ്യ ഇലവനില്‍ തന്നെ സ്ഥാനം നേടിയിരുന്നു. എലാങ്കയാണ് 55ാം മിനിറ്റില്‍ ടീമിന് ലീഡ് നല്‍കിയത്. ഫ്രഡിന്റെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍. 62ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നല്‍കിയ ചെസ്റ്റ് പാസ്സ് ബ്രൂണോ ഫെര്‍ണാണ്ടസ് സ്വീകരിക്കുകയും അത് ഗ്രീന്‍വുഡിന് കൈമാറുകയുമായിരുന്നു. പാസ് സ്വീകരിച്ച ഗ്രീന്‍വുഡ് ബ്രന്റ്‌ഫോഡ് പ്രതിരോധത്തെ മറികടന്ന് സ്‌കോര്‍ ചെയ്യുകയായിരുന്നു.



അതിനിടെ 72ാം മിനിറ്റില്‍ റൊണാള്‍ഡോയെ പിന്‍വലിച്ച് മാഗ്വയറിനെ റാഗ്നിക്ക് ഇറക്കി. ഇതില്‍ റോണോ രോഷം പ്രകടിപ്പിച്ചു. റാഗ്നിക്കിനെ ആലിംഗനം ചെയ്ത ശേഷം റൊണാള്‍ഡോ ജാക്കറ്റ് എടുക്കുകയും തുടര്‍ന്ന് ദേഷ്യത്തോടെ ജാക്കറ്റ് കസേരയിലേക്ക് വലിച്ചെറിയുകയുമായിരുന്നു. സബ്ബ് ചെയ്യുന്ന അവസരത്തില്‍ മുമ്പ് പലതവണയും താരം അരിശം പ്രകടിപ്പിച്ചിട്ടുണ്ട്.




 സബ്ബ് ചെയ്തതിന് ഏഴ് മിനിറ്റുകള്‍ക്ക് ശേഷം യുനൈറ്റഡിന്റെ മൂന്നാം ഗോളും പിറന്നു. ബ്രൂണോയുടെ തന്നെ അസിസ്റ്റില്‍ മാര്‍ക്കസ് റാഷ്‌ഫോഡാണ് യുനൈറ്റഡിന്റെ മൂന്നാം ഗോള്‍ സ്‌കോര്‍ ചെയ്തത്. ലീഗില്‍ യുനൈറ്റഡ് ഏഴാം സ്ഥാനത്ത് തുടരുന്നു.ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ഇഞ്ചുറി ടൈമിലെ രണ്ട് ഗോള്‍ ലീഡില്‍ ലെസ്റ്റര്‍ സിറ്റിയെ 3-2ന് ടോട്ടന്‍ഹാം പരാജയപ്പെടുത്തി.







Tags:    

Similar News