യൂറോ കപ്പ് ; വെംബ്ലി ഇംഗ്ലണ്ടിനെ കൈവിട്ടു; ഇറ്റലി ജേതാക്കള്‍
സാഞ്ചോ, സാക്ക എന്നിവരുടെ കിക്കാണ് ഡൊണാറുമ തടഞ്ഞത്.
വെംബ്ലി: ആദ്യമായി യൂറോ കപ്പ് കിരീടം നേടാമെന്ന ഇംഗ്ലിഷ് പടയുടെ മോഹങ്ങള്‍ കാറ്റില്‍ പറത്തി ലോക കപ്പ് ജേതാക്കളായ ഇറ്റലി യൂറോപ്പ്യന്‍ ജേതാക്കളായി. ഇംഗ്ലിഷ് ഫുട്‌ബോളിന്റെ തറവാടായ വെംബ്ലിയില്‍ ഇംഗ്ലണ്ടിനെ വിഴുങ്ങിയത് ഒരു ഷൂട്ടൗട്ട് ദുരന്തമായിരുന്നു. ആതിഥേയരെ പിന്തുണയ്ക്കാത്ത വെംബ്ലിയിലെ ചരിത്രം ഇന്ന് വീണ്ടും ആവര്‍ത്തിച്ചു. ഇംഗ്ലണ്ടിനെ കൈവിട്ട് വെംബ്ലി നീലപ്പടയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ 3-2നാണ് അസൂറികള്‍ കിരീടമുയര്‍ത്തിയത്. ഇറ്റലിയുടെ ചരിത്രത്തിലെ രണ്ടാമത്തെ യൂറോ കിരീടമാണ്. 1968ലാണ് ഇറ്റലി അവസാനമായി കിരീടം നേടിയത്. ഗോള്‍ കീപ്പര്‍ ഡൊണാറുമയാണ് മാന്‍സിനിയുടെ കുട്ടികള്‍ക്ക് കിരീടം ഉറപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്.
രണ്ട് കിക്കുകളാണ് ഡൊണാറുമ തടഞ്ഞത്. സാഞ്ചോ, സാക്ക എന്നിവരുടെ കിക്കാണ് ഡൊണാറുമ തടഞ്ഞത്. റാഷ്‌ഫോഡിന്റെ കിക്ക് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി. ഹാരി കെയ്‌നും ഹാരി മഗ്വയറുടെ ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടു. ഇറ്റലിയ്ക്കായി ഷൂട്ടൗട്ടില് ബെറാര്‍ഡി, ബെര്‍ണാഡെഷി, ബൊനൂച്ചി എന്നിവര്‍ സ്‌കോര്‍ ചെയ്തു. ബെലോറ്റി, ജോര്‍ജ്ജീഞ്ഞോ എന്നിവരുടെ കിക്കുകള്‍ ഇംഗ്ലിഷ് ഗോളി തടഞ്ഞു.
നിശ്ചിത സമയത്തും അധികസമയത്തും സ്‌കോര്‍ 1-1ന് അവസാനിക്കുകയായിരുന്നു. തുടര്‍ന്നാണ് ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. മല്‍സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ഇംഗ്ലണ്ട് ലീഡെടുത്തിരുന്നു. ലൂക്ക് ഷോയുടെ വകയായിരുന്നു ഗോള്‍. കോര്‍ണറില്‍ നിന്ന് ലഭിച്ച പന്ത് ലൂക്ക് ഷോ ഹാരി കെയ്‌നിന് നല്‍കി. ഇടത് വിങിലൂടെ വന്ന ഷോയ്ക്ക് കെയ്ന്‍ പന്ത് വീണ്ടും നല്‍കുന്നു. ഷോയെ തടയാന്‍ ഇറ്റാലിയന്‍ വന്‍മതിലുകള്‍ ആരുമില്ലായിരുന്നു.ഷോയുടെ ഇടം കാലിലൂടെ തകര്‍പ്പന്‍ ഷോട്ട് ഗോള്‍ വലയിലേക്ക്. യൂറോ കപ്പ് ഫൈനലിലെ ഏറ്റവും വേഗതയേറിയ ഗോള്‍ എന്ന റെക്കോഡ് ഈ ഗോള്‍ നേടി. ഷോയുടെ ഇംഗ്ലണ്ടിനായുള്ള ആദ്യ ഗോളാണ്.
ഇതിന് മറുപടി നല്‍കാന്‍ ഇറ്റലിക്ക് 67ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ലിയൊനാര്‍ഡൊ ബെനൂച്ചിയാണ് ജേതാക്കളുടെ സമനില ഗോള്‍ നേടിയത്. ഇന്‍സിനിയുടെ കോര്‍ണറില്‍ നിന്നും വെറാറ്റിയുടെ ഹെഡറില്‍ പന്ത് പോസ്റ്റിലേക്ക്. പോസ്റ്റില്‍ തട്ടി മടങ്ങിയ പന്ത് ബെനൂച്ചി റീബൗണ്ട് ചെയ്ത് വലയിലേക്ക് അടിക്കുകയായിരുന്നു.
ആദ്യത്തെ ഗോളിന് ശേഷം ഇംഗ്ലണ്ടിന് ഇറ്റലിക്കെതിരേ കാര്യമായ നീക്കങ്ങള്‍ നടത്താനായില്ല.പിന്നീടുള്ള നീക്കങ്ങള്‍ എല്ലാം ഇറ്റലിയുടെ വകയായിരുന്നു. നിരവധി അവസരങ്ങള്‍ ഇറ്റലി സൃഷ്ടിച്ചു. ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ജോര്‍ദ്ദാന്‍ പിക്‌ഫോഡിന്റെ പ്രകടനമാണ് മല്‍സരം ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. എന്നാല്‍ ഷൂട്ടൗട്ടില്‍ മൂന്ന് കിക്കുകള്‍ നഷ്ടമായതോടെ ഇംഗ്ലണ്ടിന്റെ യൂറോപ്പ്യന്‍ കിരീടമെന്ന സ്വപ്‌നം വീണ്ടും സ്വപ്‌നമായി അവശേഷിച്ചു.