യൂറോ; സ്‌പെയിനിന് മുന്നില്‍ ഇറ്റലി വീണു; ഇംഗ്ലണ്ടിന് ഡെന്‍മാര്‍ക്കിന്റെ സമനില പൂട്ട്
ഗെല്‍സന്‍കിര്‍ഹന്‍: യൂറോയിലെ മരണ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ഇറ്റലിക്കെതിരെ സ്‌പെയിനിന് ജയം. സെല്‍ഫ് ഗോളിലാണ് സ്‌പെയിനിന്റെ ജയം. ഇറ്റലിയുടെ യുവ പ്രതിരോധ താരം റിക്കാര്‍ഡോ കാലഫിയോറിയയുടെ പിഴവാണ് 55ാം മിനിറ്റില്‍ സെല്‍ഫ് ഗോളില്‍ കലാശിച്ചത്. നീക്കോ വില്യംസ് ഇറ്റലി ബോക്‌സിലേക്കു നല്‍കിയ ബോള്‍ സ്‌പെയിന്‍ ക്യാപ്റ്റന്‍ അല്‍വാരോ മൊറാട്ട ഹെഡ് ചെയ്‌തെങ്കിലും ജിയാന്‍ല്യൂജി ഡൊന്നരുമ്മ സേവ് ചെയ്തു. എന്നാല്‍ തൊട്ടുമുന്നിലുണ്ടായിരുന്ന കാലഫിയോറിയയുടെ മുട്ടില്‍ തട്ടി ബോള്‍ വലയില്‍ വീണു.
ഇരു പാതിയിലും പന്തവകാശത്തിലും പാസിങ് കൃത്യതയിലും സ്‌പെയിനായിരുന്നു മുന്നില്‍. ഇറ്റലിക്ക് ഒരു ഷോട്ട് പോലും സ്‌പെയിന്‍ ഗോളിലേക്കു തൊടുക്കാന്‍ കഴിഞ്ഞില്ല. ഒട്ടേറെ സ്പാനിഷ് ഗോള്‍ ഷോട്ടുകള്‍ തടഞ്ഞ് ഇറ്റലിയെ വന്‍ തോല്‍വിയില്‍ നിന്നു രക്ഷിച്ചതു ക്യാപ്റ്റന്‍ കൂടിയായ ഗോളി ജിയാന്‍ല്യൂജി ഡൊന്നരുമ്മയാണ്. രണ്ടാം പകുതിയുടെ അധിക മിനിറ്റുകളില്‍ പോലും ഡൊന്നരുമ്മയ്ക്കു വിശ്രമമുണ്ടായില്ല.
ആദ്യ പകുതിയില്‍ രണ്ടു ക്ലോസ് റേഞ്ച് ഹെഡര്‍ അവസരങ്ങള്‍ ഉള്‍പ്പെടെ ലഭിച്ചെങ്കിലും സ്‌പെയിനു സ്‌കോര്‍ ചെയ്യാനായില്ല. ഗോളെന്നുറച്ച പെഡ്രിയുടെ ഹെഡറും ഫാബിയന്‍ റൂയിസിന്റെ ലോങ് റേഞ്ച് ഷോട്ടും ഡൊന്നരുമ്മ തടഞ്ഞു. 71ാം മിനിറ്റില്‍ നീക്കോ വില്യംസിന്റെ സ്‌ട്രൈക് ടോപ് ബാറില്‍ തട്ടിത്തെറിച്ചു.
മുപ്പതിലേറെ ഫൗളുകള്‍ പിറന്ന മത്സരം പല ഘട്ടത്തിലും ഇരു ടീമുകളും തമ്മിലുള്ള ബലപരീക്ഷണം കൂടിയായി. ഇറ്റലിക്കെതിരായ ജയത്തോടെ 6 പോയിന്റുമായി സ്‌പെയിന്‍ നോക്കൗട്ട് ഘട്ടം ഉറപ്പിച്ചു. ഒരു ജയത്തില്‍ നിന്നുള്ള 3 പോയിന്റുമായി ഇറ്റലി രണ്ടാം സ്ഥാനത്താണ്. സ്‌പെയിന്‍ 25ന് അല്‍ബേനിയേയും ഇറ്റലി ക്രൊയേഷ്യയേയും നേരിടും.
മറ്റൊരു മല്‍സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ ഡെന്‍മാര്‍ക്ക് സമനിലയില്‍ പിടിച്ചുകെട്ടി. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ഹാരി കെയ്‌നും (18ാം മിനിറ്റ്) ഡെന്‍മാര്‍ക്കിനായി ഡിഫന്‍ഡര്‍ മോര്‍ടന്‍ യുലെമണ്ടും (34) സ്‌കോര്‍ ചെയ്തു. യൂറോ കപ്പ് സി ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ ഡെന്‍മാര്‍ക്കിനോടു സമനില വഴങ്ങിയെങ്കിലും ഇംഗ്ലണ്ടിന്റെ നോക്കൗട്ട് സ്വപ്നങ്ങള്‍ക്കു തടസ്സമില്ല. ഒരു ജയവും സമനിലയുമായി 4 പോയിന്റോടെ ഇംഗ്ലണ്ടാണു ഗ്രൂപ്പില്‍ ഒന്നാമത്.
ഡെന്‍മാര്‍ക്കിന്റെ പ്രതിരോധപ്പിഴവില്‍ നിന്നാണ് ഇംഗ്ലണ്ട് ആദ്യം ഗോള്‍ നേടിയത്. ഡാനിഷ് ഡിഫന്‍ഡര്‍ ജൊയാകിം ആന്‍ഡേഴ്‌സണില്‍ നിന്നു തട്ടിയെടുത്ത ബോള്‍ ഇംഗ്ലിഷ് ഡിഫന്‍ഡര്‍ കൈല്‍ വോക്കര്‍ ഗോളിലേക്കു നല്‍കി. പോസ്റ്റിനു സമീപത്തുണ്ടായിരുന്ന ബയണ്‍ മ്യൂണിക് താരം കൂടിയായ ഹാരി കെയ്ന്‍ ക്ലോസ് റേഞ്ചില്‍ അനായാസമായി ഫിനിഷ് ചെയ്തു.
ഗോള്‍ വീണെങ്കിലും പതിയെ കളിയുടെ നിയന്ത്രണം നേടിയ ഡെന്‍മാര്‍ക്ക് കിടിലന്‍ ലോങ് റേഞ്ച് ഗോളിലൂടെയാണു സമനില പിടിച്ചത്. 30 വാര അകലെ നിന്നു സ്‌പോര്‍ട്ടിങ് സിപിയുടെ മിഡ്ഫീല്‍ഡറായ മോര്‍ടന്‍ യുലെമണ്ട് തൊടുത്ത ഷോട്ടാണ് ഗോളായത്.
ഇംഗ്ലണ്ട് പ്രതിരോധ നിരയിലൂടെയെത്തിയ ഷോട്ട് ഗോളി ജോര്‍ഡന്‍ പിക്‌ഫോഡ് ചാടിവീണു രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പന്ത് പോസ്റ്റിലുരഞ്ഞു ഗോളിലെത്തി. രണ്ടാം പകുതിയില്‍ യുവതാരം ഫില്‍ ഫോഡന്റെ ഷോട്ട് ഡെന്‍മാര്‍ക്ക് പോസ്റ്റിലിടിച്ചു. വിജയഗോള്‍ നേടാന്‍ രണ്ടാം പകുതിയില്‍ ഇരു ടീമുകളും നന്നായി ശ്രമിച്ചെങ്കിലും സ്‌കോര്‍ 1-1 തന്നെയായി.