പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ അതിവേഗം 100 ഗോള്‍; എര്‍ലിങ് ഹാലന്റിന് റെക്കോഡ്

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ അതിവേഗം 100 ഗോളില്‍ പങ്കാളിയായി എന്ന റെക്കോഡിന് നോര്‍വെയുടെ മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിങ് ഹാലന്റ് അര്‍ഹനായി. ബ്രിങ്ടണെതിരായ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് മല്‍സരത്തിലാണ് നോര്‍വെ താരത്തിന്റെ റെക്കോഡ് പിറന്നത്. 94 മല്‍സരങ്ങളില്‍ നിന്നാണ് ഹാലന്റ് 84 ഗോളും 16 അസിസ്റ്റും നേടിയത്. ബ്രിങ്ടണെതിരേ 94ാം മിനിറ്റിലായിരുന്നു ഹാലന്റിന്റെ ഗോള്‍. അതിവേഗം പ്രീമിയര്‍ ലീഗില്‍ ഹാലന്റ് 100 ഗോളില്‍ പങ്കാളിയായി. മുമ്പ് ഈ റെക്കോഡ് ഇതിഹാസ താരം അലന്‍ ഷെയററിന്റെ പേരിലായിരുന്നു. താരം 100 മല്‍സരങ്ങളില്‍ നിന്നാണ് 100 ഗോള്‍ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ സിറ്റി ബ്രിങ്ടണോട് 2-2 സമനില വഴങ്ങിയിരുന്നു. 116 മല്‍സരങ്ങളില്‍ നിന്ന് 100 ഗോള്‍ നേടിയ മുന്‍ ഫ്രഞ്ച് താരം എറിക് കണ്‍ട്ടോന മൂന്നാം സ്ഥാനത്തും ഈജിപ്തിന്റെ ലിവര്‍പൂള്‍ താരം മൂഹമ്മദ് സലാഹ് നാലാം സ്ഥാനത്തുമാണ്. 118 മല്‍സരങ്ങളില്‍ നിന്ന് 100 ഗോള്‍ നേടിയ അര്‍ജന്റീനയുടെ മുന്‍ സിറ്റി താരം സെര്‍ജിയ അഗ്വേറ അഞ്ചാം സ്ഥാനത്തുമാണുള്ളത്.