ടോക്കിയോ: സ്‌പെയിനിന്റെ മുന്‍ സൂപ്പര്‍ താരം ഫെര്‍ണാണ്ടോ ടോറസിന്റെ ഫുട്‌ബോള്‍ കരിയറിന് തോല്‍വിയോടെ വിരാമം. ജപ്പാനിലെ ജെ വണ്‍ ലീഗില്‍ സാഗന്‍ ടോസു താരമാണ് ടോറസ്. ഇന്ന് വിസ്സെല്‍ കോബേ ക്ലബ്ബിനോട് 6-1ന്റെ തോല്‍വിയാണ് ടോറസിന്റെ ക്ലബ്ബ് ഏറ്റുവാങ്ങിയത്. നേരത്തെ സ്‌പെയിനിന്റെ ദേശീയ ടീമില്‍ നിന്നും വിരമിച്ച ടോറസ് ജൂണില്‍ ഫുട്‌ബോളില്‍ നിന്നും പൂര്‍ണമായി വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അത്‌ലറ്റിക്കോ മാഡ്രിഡ്, ലിവര്‍പൂള്‍, ചെല്‍സി എന്നീ ക്ലബ്ബുകള്‍ക്കായി ടോറസ് കളിച്ചിരുന്നു. 2010ല്‍ ലോകകപ്പ് നേടിയ ടീമിനു വേണ്ടിയും 2008, 2012 വര്‍ഷങ്ങളില്‍ യൂറോകപ്പ് നേടിയ സ്‌പെയിന്‍ ടീമിന് വേണ്ടിയും ടോറസ് ഗോള്‍ നേടിയിരുന്നു. 110 മല്‍സരങ്ങളില്‍ സ്‌പെയിനിനു വേണ്ടി കളിച്ചിണ്ട്. ക്ലബ്ബ് കരിയറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനായി 214 മല്‍സരങ്ങളില്‍ നിന്ന് 82 ഗോളുകളും ലിവര്‍പൂളിനായി 102 മല്‍സരങ്ങളില്‍ 65 ഗോളുകളും നേടിയിട്ടുണ്ട്. ലിവര്‍പൂളിന് ശേഷം ചെല്‍സിയിലായിരുന്നു ടോറസ്. ചെല്‍സിക്കൊപ്പം എഫ്എ കപ്പ്, ചാംപ്യന്‍സ് ലീഗ്, യൂറോപ്പാ ലീഗ് എന്നിവ നേടിയിരുന്നു. പിന്നീട് എസി മിലാനിലേക്കും പോയ ടോറസിന് അവിടെ വേണ്ടത്ര മികവ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മാഡ്രിഡിലെത്തിയ ടോറസ് 2018ല്‍ അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പം യൂറോപ്പാ ലീഗ് നേടി. തുടര്‍ന്നാണ് ടോറസ് ജപ്പാനിലേക്ക് ചേക്കേറിയത്. സ്‌പെയിനിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മൂന്നാമത്തെ താരമാണ്(38 ഗോള്‍) ടോറസ്.