സ്ത്രീ വിരുദ്ധ പ്രസ്താവന; മാപ്പ് പറഞ്ഞ് സന്ദേശ് ജിങ്കന്‍
തന്റെ പ്രസ്താവന നിരവധി പേരെ വിഷമിപ്പിച്ചു. അതില്‍ എന്റെ കുടുംബവും ഉള്‍പ്പെടുന്നു.
പനാജി: സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ ഇന്ത്യന്‍ താരം സന്ദേശ് ജിങ്കന്‍ ക്ഷമാപണം നടത്തി. തനിക്ക് പറ്റിയ തെറ്റുകള്‍ ഏറ്റുപറഞ്ഞ് ട്വിറ്ററിലൂടെയാണ് എടികെ മോഹന്‍ ബഗാന്‍ താരം മാപ്പ് പറഞ്ഞത്. തനിക്ക് തെറ്റ് പറ്റി. തുടര്‍ന്ന് ഇത് ആവര്‍ത്തിക്കില്ലെന്നും താരം വ്യക്തമാക്കി. തന്റെ തെറ്റിന് കുടുംബാംഗങ്ങളെ ശിക്ഷിക്കരുത്. എന്റെ ഭാഗത്ത് നിന്ന് ഉണ്ടായ ഒരു തെറ്റിനെ തുടര്‍ന്ന് കഴിഞ്ഞ 48 മണിക്കൂറില്‍ നിരവധി കാര്യങ്ങള്‍ സംഭവിച്ചു. തുടര്‍ന്ന് ഞാന്‍ കൂടുതല്‍ ചിന്തിച്ചു.മല്‍സരത്തിന്റെ ആവേശത്തിലാണ് തന്റെ ഭാഗത്ത് നിന്നും അത്തരം പ്രതികരണം ഉണ്ടായത്. തെറ്റ് സംഭവിച്ചു. ഇതില്‍ വിഷമമുണ്ട്. ഇതില്‍ ഞാന്‍ ഖേദിക്കുന്നു. തന്റെ പ്രസ്താവന നിരവധി പേരെ വിഷമിപ്പിച്ചു. അതില്‍ എന്റെ കുടുംബവും ഉള്‍പ്പെടുന്നു. തെറ്റ് മായ്ക്കാനാവില്ലെന്നും തുടര്‍ന്ന് താന്‍ ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും എടികെ താരം വ്യക്തമാക്കി.
ദിവസങ്ങള്‍ക്ക് മുമ്പ് കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരായ മല്‍സരത്തിന് ശേഷമാണ് ജിങ്കന്‍ സ്ത്രീകള്‍ക്കെതിരേയാണ് കളിച്ചതെന്ന മോശം പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് മുന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരേ വന്‍ പ്രതിഷേധം അലയടിച്ചിരുന്നു. ജിങ്കനോടുള്ള ആദരസൂചകമായുള്ള 21ാം നമ്പര്‍ ബ്ലാസ്റ്റേഴ്‌സ് ജെഴ്‌സി തിരിച്ചുകൊണ്ടുവരണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. താരത്തിന്റെ ബാനര്‍ ആരാധകര്‍ കത്തിക്കുകയും ചെയ്തിരുന്നു.