ചാംപ്യന്‍സ് ലീഗ്; ഒടുവില്‍ ബാഴ്‌സലോണ വിജയവഴിയില്‍; ബയേണ്‍ കുതിക്കുന്നു
ബാഴ്‌സയ്ക്കായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ് പിക്വെ കരസ്ഥമാക്കി.
ക്യാംപ് നൗ: ചാംപ്യന്‍സ് ലീഗില്‍ ഈ സീസണിലെ ആദ്യ ജയം നേടി ബാഴ്‌സലോണ. ഗ്രൂപ്പ് എഫില്‍ ഡൈനാമോ കെയ്‌വിനെതിരേ ഒരു ഗോളിന്റെ ജയമാണ് ബാഴ്‌സ നേടിയത്. ജെറാഡ് പിക്വെയുടെ 36ാം മിനിറ്റിലെ ഗോളാണ് കറ്റാലന്‍സിനെ തുണച്ചത്. ഇതോടെ ബാഴ്‌സയ്ക്കായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ് പിക്വെ കരസ്ഥമാക്കി. 34കാരനായ പിക്വ നിര്‍ണ്ണായക മല്‍സരത്തില്‍ ബാഴ്‌സയുടെ രക്ഷകനാവുകയായിരുന്നു. ജയത്തോടെ ബാഴ്‌സ മൂന്നാം സ്ഥാനത്തെത്തി.
ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ബെന്‍ഫിക്കയെ എതിരില്ലാത്ത മൂന്ന് ഗോളിന് ബയേണ്‍ മ്യൂണിക്ക് പരാജയപ്പെടുത്തി. ലിറോ സാനെ ഇരട്ട ഗോള്‍ നേടി.റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും ബയേണിനായി സ്‌കോര്‍ ചെയ്തു. ബുണ്ടസാ ലീഗിലെ അപരാജിത കുതിപ്പ് ബയേണ്‍ ചാംപ്യന്‍സ് ലീഗിലും തുടരുകയായിരുന്നു. ഗ്രൂപ്പില്‍ ബയേണ്‍ ഒമ്പത് പോയിന്റോടെ ഒന്നാമതും നാല് പോയിന്റോടെ ബെന്‍ഫിക്ക രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.