ചാംപ്യന്‍സ് ലീഗില്‍ അതിവേഗം 20 ഗോളുകള്‍; ഹാലന്റിന് റെക്കോഡ്
ഹാലന്റിന്റെ ഇരട്ട ഗോള്‍ നേട്ടത്തോടെ ഡോര്‍ട്ട്മുണ്ട് ക്വാര്‍ട്ടറില്‍ കടന്നു.
ബെര്‍ലിന്‍: ചാംപ്യന്‍സ് ലീഗില്‍ അതിവേഗം 20 ഗോളുകള്‍ എന്ന റെക്കോഡ് ഡോര്‍ട്ട്മുണ്ടിന്റെ ഗോള്‍ മെഷീന്‍ എര്‍ലിങ് ബ്രൂട്ട് ഹാലന്റിന് സ്വന്തം. പ്രീക്വാര്‍ട്ടറില്‍ സെവിയ്യക്കെതിരേ ഇരട്ട ഗോള്‍ നേടിയതോടെയാണ് നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ റെക്കോഡ് നേട്ടം കരസ്ഥമാക്കിയത്. 20 ഗോള്‍ നേട്ടം സ്വന്തമാക്കാന്‍ ഹാലന്റഡ് എടുത്തത് 14 മല്‍സരങ്ങള്‍ മാത്രമാണ്. മുമ്പ് ഈ റെക്കോഡ് ഇംഗ്ലണ്ട് താരം (ടോട്ടന്‍ഹാം) ഹാരി കെയ്‌നിന്റെ പേരിലായിരുന്നു. 24 ചാംപ്യന്‍സ് ലീഗ് മല്‍സരങ്ങളില്‍ നിന്നാണ് കെയ്ന്‍ 20 ഗോളുകള്‍ നേടിയത്. ബയേണ്‍ മ്യൂണിക്കിന്റെ പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ലെവന്‍ഡോസ്‌കി 36 മല്‍സരങ്ങളില്‍ നിന്നാണ് ഈ റെക്കോഡ് സ്വന്തമാക്കിയത്. ലയണല്‍ മെസ്സിക്കാവട്ടെ 40 മല്‍സരങ്ങള്‍ വേണ്ടി വന്നു. ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ചാംപ്യന്‍സ് ലീഗില്‍ 56 മല്‍സരങ്ങളില്‍ നിന്നാണ് 20 ഗോളുകള്‍ നേടിയത്.
ഹാലന്റിന്റെ ഇരട്ട ഗോള്‍ നേട്ടത്തോടെ ഡോര്‍ട്ട്മുണ്ട് ക്വാര്‍ട്ടറില്‍ കടന്നു. ആദ്യപാത്തില്‍ 3-2ന് ജയിച്ച ഡോര്‍ട്ട്മുണ്ട് കഴിഞ്ഞ ദിവസം നടന്ന രണ്ടാം പാദത്തില്‍ 2-2 സമനിലയില്‍ മല്‍സരം അവസാനിപ്പിച്ചു. 5-4 അഗ്രിഗേറ്റിലാണ് ഡോര്‍ട്ട്മുണ്ടിന്റെ ജയം.