ഐപിഎൽ; ചെന്നൈക്ക് രക്ഷയില്ല; വീണ്ടും തോൽവി: കൊൽക്കത്ത മുന്നോട്ട്

Update: 2025-04-11 18:04 GMT
ഐപിഎൽ; ചെന്നൈക്ക് രക്ഷയില്ല;  വീണ്ടും തോൽവി: കൊൽക്കത്ത മുന്നോട്ട്



ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്ങ് സിന് തോൽവി. കൊൽക്കത്താ നൈറ്റ് റൈഡേഴ്സിനെതിരേയാണ് ചെന്നൈയുടെ തോൽവി. എട്ട് വിക്കറ്റ് ജയമാണ് കെ കെ ആർ നേടിയത്.. 104 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്ത 59 പന്ത് ബാക്കി നിൽക്കേ അനായാസമായി വിജയത്തിലെത്തി. മിന്നുന്ന തുടക്കം നൽകി ക്വന്റൺ ഡി കോക്കും സുനിൽ നരേയ്നും പുറത്തായെങ്കിലും 10.1 ഓവറിൽ ചെന്നൈ ഉയർത്തിയ വിജയലക്ഷ്യം കെകെആ‌ർ മറികടന്നു.

സുനിൽ നരേയ്ൻ 18 പന്തിൽ 44 റൺസെടുത്തപ്പോൾ ഡി കോക്ക് 16 പന്തിൽ 23 റൺസ് സ്വന്തമാക്കി. 17 പന്തിൽ 20 റൺസുമായി അജിൻക്യ രഹാനെയും 12 പന്തിൽ 15 റൺസുമായി റിങ്കു സിം​ഗും പുറത്താകാതെ നിന്നു. ചെന്നൈക്കായി അൻഷുൽ കാംബോജും നൂർ അഹമ്മദും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് നേടാനെ സാധിച്ചുള്ളൂ. 29 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്ന ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറർ. പതിവുപോലെ പവർ പ്ലേയിൽ ലക്ഷ്യബോധമില്ലാതെ ബാറ്റ് വീശുന്ന ചെന്നൈ ബാറ്റർമാരെയാണ് ഇന്നത്തെ മത്സരത്തിലും കാണാനായത്.

പവർ പ്ലേ അവസാനിക്കും മുമ്പ് തന്നെ ഓപ്പണർമാരായ ഡെവോൺ കോൺവെയും (12) രചിൻ രവീന്ദ്രയും (4) മടങ്ങി. തുടർന്ന് ക്രീസിലൊന്നിച്ച രാഹുൽ ത്രിപാഠി - വിജയ് ശങ്കർ സഖ്യമാണ് ചെന്നൈയുടെ ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയത്. ടീം സ്കോർ 59ൽ നിൽക്കെ 29 റൺസ് നേടിയ വിജയ് ശങ്കറിനെ വരുൺ ചക്രവർത്തി മടക്കിയയച്ചു. പിന്നാലെ രാഹുൽ ത്രിപാഠിയും (16) മടങ്ങിയതോടെ ചെന്നൈയുടെ നില പരുങ്ങലിലായി. പിന്നീടുള്ള 14 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ചെന്നൈയ്ക്ക് 5 വിക്കറ്റുകളാണ് നഷ്ടമായത്. 

കൊൽക്കത്ത ഒരുക്കിയ സ്പിൻ കെണിയിൽ ചെന്നൈ കറങ്ങി വീണു. സുനിൽ നരെയ്ൻ 3 വിക്കറ്റുകൾ വീഴ്ത്തി. വരുൺ ചക്രവർത്തി 2 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മറ്റൊരു സ്പിന്നറായ മൊയീൻ അലി ഒരു വിക്കറ്റ് നേടി. വൈഭവ് അറോറ, ഹർഷിത് റാണ എന്നിവർ 2 വിക്കറ്റുകൾ വീതം സ്വന്തമാക്കി.


Tags:    

Similar News